
















ലണ്ടന്‍: ബേസിംഗ്‌സ്റ്റോക്ക് റോയല്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തുന്ന രണ്ടാമത് ആള്‍ യു കെ ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2025 നവംബര്‍ 15 ശനിയാഴ്ച ബേസിംഗ്‌സ്റ്റോക്ക് എവറസ്റ്റ് കമ്മ്യൂണിറ്റി അക്കാദമിയില്‍ നടക്കും. രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കുന്ന ടൂര്‍ണമെന്റ് ബേസിംഗ്സ്റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ് പൗലോസ് പാലാട്ടി ഫ്ളാഗ് ഓഫ് ചെയ്യും.
വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ ബേസിംഗ്സ്റ്റോക്ക് എം പി ലൂക്ക് മര്‍ഫി വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. കൗണ്‍സിലര്‍ സജീഷ് ടോം യോഗത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി നൂറിലധികം ബാഡ്മിന്റണ്‍ താരങ്ങളാണ് ശനിയാഴ്ച ബേസിംഗ്സ്റ്റോക്കിലേക്ക് ഒഴുകിയെത്തുന്നത്.
ഈ വര്‍ഷത്തെ ടൂര്‍ണമെന്റില്‍ രണ്ട് പ്രധാന വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ബാഡ്മിന്റണ്‍ ഇംഗ്ലണ്ട് ഗ്രേഡഡ് കളിക്കാര്‍ ഏറ്റുമുട്ടുന്ന അഡ്വാന്‍സ്ഡ് വിഭാഗത്തില്‍ പന്ത്രണ്ട് ടീമുകളും ഇന്റര്‍മീഡിയറ്റ് വിഭാഗത്തില്‍ നാല്‍പ്പത് ടീമുകളും മാറ്റുരക്കുന്ന തീപാറുന്ന പോരാട്ടത്തിനാകും ബേസിംഗ്സ്റ്റോക്ക് സാക്ഷ്യം വഹിക്കുവാന്‍ പോകുന്നത്.
ആവേശവും സൗഹൃദവും അലയൊലി ഉയര്‍ത്തുന്ന ടൂര്‍ണമെന്റില്‍ അഡ്വാന്‍സ്ഡ് വിഭാഗത്തില്‍ ഒന്നാം സമ്മാനം 450 പൗണ്ടും ട്രോഫിയും,രണ്ടാം സമ്മാനം 250 പൗണ്ടും ട്രോഫിയും, മൂന്നാം സമ്മാനം 100 പൗണ്ടും ട്രോഫിയും നല്‍കുന്നതാണ്. ഇന്റര്‍മീഡിയറ്റ് വിഭാഗത്തില്‍ ഒന്നാം സമ്മാനമായ 350 പൗണ്ടും ട്രോഫിയും, രണ്ടാം സമ്മാനമായ 200 പൗണ്ടും ട്രോഫിയും, മൂന്നാം സമ്മാനമായ 100 പൗണ്ടും ട്രോഫിയുമാണ് വിജയികളെ കാത്തിരിക്കുന്നത്.
കായിക രംഗത്ത് താല്പര്യമുള്ള ബേസിംഗ്സ്റ്റോക്കിലെ ഒരുപറ്റം മലയാളി ചെറുപ്പക്കാരാണ് 'ബേസിംഗ്സ്റ്റോക്ക് റോയല്‍സ്' ക്ലബ്ബിനെ നയിക്കുന്നത്. ടൂര്‍ണമെന്റിന്റെ വിജയത്തിനായി സെല്‍ജോ ജോണി, ദിനേശ് വത്സല സുരേഷ്, റൈജു കുര്യാക്കോസ്, നിതിന്‍ ബാബു, സുബിന്‍ സാബു, ഹരിഹരന്‍ സേതുമാധവന്‍, റിജില്‍ ജോണ്‍, സിന്റ്റോ സൈമണ്‍, ഷിജോ ജോസഫ്, രാഹുല്‍ രാജ്, അശ്വിന്‍ സതീഷ് രാജു എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു.
മത്സരം നടക്കുന്ന സ്ഥലത്തിന്റെ വിലാസം: Everest Community Academy, Oxford Way, Sherborne St John, Basingstoke, RG24 9UP
മികച്ച കളിക്കാരുടെ പങ്കാളിത്തംകൊണ്ടും, ചിട്ടയായ സംഘാടക മികവ്കൊണ്ടും യു കെ യില്‍ ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകളില്‍ ഒന്നായ ബേസിംഗ്‌സ്റ്റോക്ക് റോയല്‍സിന്റെ രണ്ടാമത് ആള്‍ യു കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. അതിഥികള്‍ക്കും കളിക്കാര്‍ക്കും വേണ്ടി പാന്‍ ഏഷ്യന്‍ കാറ്ററിംഗ് ഒരുക്കുന്ന രുചികരമായ ഭക്ഷണസൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. മുന്‍ വര്‍ഷത്തേത് പോലെത്തന്നെ സൗജന്യ റാഫിള്‍ നറുക്കെടുപ്പും ടൂര്‍ണമെന്റിനോടനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്
ജോബി തോമസ്