വാട്‌സ്ആപ്പില്‍ പ്രചരിക്കുന്ന അശ്ലീല ദൃശ്യങ്ങള്‍ എപ്പോള്‍ ആര് എവിടെ വെച്ച് ഷൂട്ട് ചെയ്യുമെന്ന് ഉറപ്പില്ലാത്ത അവസ്ഥയാണ്. സുഹൃത്തിനെ വിശ്വസിച്ച് വീട് സന്ദര്‍ശിച്ച ഒരു യുവതിയുടെ പരാതി ഇതിന് ഉത്തമ ഉദാഹരണമാണ്.
പെണ്‍സുഹൃത്തും കാമുകനും ചേര്‍ന്ന് വീട്ടിലെത്തിയപ്പോള്‍ നല്‍കിയ വെള്ളത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് ബോധംകെടുത്തിയ ശേഷം അശ്ലീല ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയായിരുന്നു. 29-കാരിയുടെ പരാതിയില്‍ സുഹൃത്തിന്റെ കാമുകനായ 35-കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മുംബൈ ബാന്ദ്ര വെസ്റ്റില്‍ നിന്നാണ് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ജനുവരി 1-നാണ് പ്രതിയുടെ കാമുകി പരാതിക്കാരിയെ കാണാനായി ക്ഷണിച്ച് വരുത്തിയത്. സുഹൃത്തിന്റെ വീട്ടില്‍ എത്തിയപ്പോള്‍ കുടിക്കാനായി വെള്ളം നല്‍കി. വെള്ളത്തിന് എന്തോ രുചിമാറ്റം അനുഭവപ്പെട്ടതായി യുവതി പറഞ്ഞപ്പോള്‍ ആഡഡ് ഷുഗറാണ് ചേര്‍ത്തതെന്നായിരുന്നു വിശദീകരണം. വേഗം കുടിച്ച് തീര്‍ക്കാനും ആവശ്യപ്പെട്ടു. സുഹൃത്തിന്റെ വീട്ടില്‍ ഒരു അപകടം പ്രതീക്ഷിക്കാത്തതിനാല്‍ അവര്‍ ഈ വെള്ളം കുടിച്ചു.
മിനിറ്റുകള്‍ക്കുള്ളില്‍ ബോധം ക്ഷയിച്ച് ഇവര്‍ ഉറക്കത്തിലേക്ക് പോയി. പിറ്റേന്ന് വെളുപ്പിന് 2 മണിക്കാണ് യുവതി ഉറക്കം ഉണരുന്നത്. ഈ സമയത്ത് രണ്ട് പ്രതികളും കിടക്കയില്‍ അടുത്ത് കിടന്നിരുന്നു. ഇതോടെ യുവതി വീട്ടില്‍ നിന്നും ഇറങ്ങി സ്വന്തം വീട്ടിലേക്ക് പോയി. ജനുവരി 4-നാണ് താന്‍ ഉറങ്ങിക്കിടക്കവെ തന്റെ അശ്ലീല ദൃശ്യങ്ങള്‍ ചിത്രീകരിച്ചതായി പരാതിക്കാരി മനസ്സിലാക്കുന്നത്. മറ്റ് ചില സ്ത്രീകളുടെയും വീഡിയോ ഇവര്‍ ഇതുപോലെ എടുത്തിട്ടുള്ളതായി തിരിച്ചറിഞ്ഞ യുവതി പോലീസില്‍ പരാതി നല്‍കി.
കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് കാമുകനെ പിടികൂടി. കാമുകി ഒളിവിലാണ്. ദൃശ്യങ്ങള്‍ ചിത്രീകരിച്ച ഫോണ്‍ കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ പ്രതിയെ കസ്റ്റഡിയില്‍ കിട്ടണമെന്ന് ആവശ്യപ്പെട്ട പോലീസ് വ്യക്തമാക്കി.