ആധാര്‍ കാര്‍ഡ് ഇനി എന്തുമായിട്ടാണ് ബന്ധിപ്പിക്കാനുള്ളത്? ഉത്തരം റെഡി, ഡ്രൈവിംഗ് ലൈസന്‍സ്. രാജ്യത്തെ കോടിക്കണക്കിന് വരുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. വ്യാജ ലൈസന്‍സുകള്‍ കണ്ടെത്താനും, എല്ലാ സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു സോഫ്റ്റ്‌വെയറും അണിയറയില്‍ തയ്യാറെടുക്കുകയാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്.
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി തലവനും മുന്‍ സുപ്രീംകോടതി ജഡ്ജുമായ ജസ്റ്റിസ് കെഎസ് രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. ആധാര്‍ പദ്ധതിയുടെ നിലനില്‍പ്പിനെക്കുറിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് വാദം കേള്‍ക്കവെയാണ് സുപ്രധാനമായ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
വ്യാജ ലൈസന്‍സ് കൈക്കലാക്കുന്നതും, ഇത് ഒഴിവാക്കുന്നതുമായി ബന്ധപ്പെടുള്ള വിഷയങ്ങള്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് & ഹൈവേസ് ജോയിന്റ് സെക്രട്ടറിയുമായി നടത്തിയ യോഗത്തില്‍ ചര്‍ച്ച ചെയ്‌തെന്ന് കമ്മിറ്റി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വ്യാജ ലൈസന്‍സുകള്‍ ഇല്ലാതാക്കാന്‍ സാരഥി-4 എന്ന പദ്ധതി ഒരുക്കുകയാണെന്ന് ജോയിന്റ് സെക്രട്ടറി വിശദീകരിച്ചു. ഇതുവഴി ആധാര്‍ കാര്‍ഡും ഡ്രൈവിംഗ് ലൈസന്‍സും ബന്ധപ്പെടുത്തും.
എല്ലാ സംസ്ഥാനങ്ങളും ഉള്‍പ്പെടുന്ന റിയല്‍ ടൈം അടിസ്ഥാനമാക്കിയുള്ള സോഫ്റ്റ്‌വെയറിന്റെ പ്രവര്‍ത്തനത്തിലൂടെ ഡ്യൂപ്ലിക്ലേറ്റ്, വ്യാജ ലൈസന്‍സുകള്‍ ഇല്ലാതാക്കാമെന്നാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.