കോയമ്പത്തൂരിലെ ആശുപത്രിയില്‍ പ്രാക്ടിക്കല്‍ ട്രെയിനിംഗിനെത്തിയ 17-കാരിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ ആശുപത്രി ചെയര്‍മാന്‍ ലൈംഗിക പീഡനത്തിന് ഇരയാക്കി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയ ശേഷമാണ് സിങ്കനല്ലൂരിലെ എആര്‍ആര്‍ മെഡിക്കല്‍ സെന്റര്‍ ചെയര്‍മാന്‍ ഡോ. കെ.ടി. രവീന്ദ്രന്‍ പീഡനം നടത്തിയത്.
നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിക്ക് ജോലിക്കിടെ പനി തോന്നിയതിനെത്തുടര്‍ന്ന് ഡോക്ടറോട് തന്റെ ആരോഗ്യനിലയെക്കുറിച്ച് പറഞ്ഞിരുന്നു. എന്നാല്‍ സഹായിക്കേണ്ട ഡോക്ടര്‍ കുട്ടിക്ക് മയക്കാനുള്ള മരുന്ന് നല്‍കുകയായിരുന്നു. ഇതിന് ശേഷം ചേംബറില്‍ വെച്ച് കുട്ടിയെ അക്രമിച്ചു. ഫെബ്രുവരി 5നായിരുന്നു സംഭവങ്ങള്‍.
കൊടൈക്കനാല്‍ സ്വദേശിനിയായ പെണ്‍കുട്ടി ഡിണ്ടിഗലിലെ ഒരു സ്വകാര്യ നഴ്‌സിംഗ് കോളേജ് വിദ്യാര്‍ത്ഥിനിയാണ്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് എആര്‍ആര്‍ മെഡിക്കല്‍ സെന്ററില്‍ പ്രാക്ടിക്കല്‍ ട്രെയിനിംഗിനായി കുട്ടി എത്തുന്നത്. പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താനും ചെയര്‍മാന്‍ മറന്നില്ല.
ഇക്കാര്യങ്ങള്‍ പുറത്ത് ആരോടെങ്കിലും പറയരുതെന്നായിരുന്നു ഡോക്ടറുടെ ഭീഷണി. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി സംഭവം ചൈല്‍ഡ്‌ലൈനില്‍ വിളിച്ച് അറിയിച്ചു. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരാണ് കാര്യം പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. പോസ്‌കോ നിയമപ്രകാരം കുട്ടിയെ പീഡിപ്പിച്ച കേസ് രജിസ്റ്റര്‍ ചെയ്ത ശേഷമാണ് ഡോ. രവീന്ദ്രന്റെ അറസ്റ്റ് അരങ്ങേറിയത്.