ലോട്ടറി എടുക്കുന്നവര്‍ക്ക് ഒരു സ്വപ്നമേ കാണൂ. ആ ഒന്നാം സമ്മാനം പോക്കറ്റില്‍ വീഴണം. പക്ഷെ ഭൂരിഭാഗം പേര്‍ക്കും അതൊരു സ്വപ്‌നം മാത്രമായി അവശേഷിക്കും. ലോട്ടറി എടുക്കാത്തവര്‍ക്ക് ലോട്ടറി അടിക്കുന്ന സംഭവങ്ങള്‍ കേട്ടിട്ടുണ്ടോ? അതാണ് അരുണാചല്‍ പ്രദേശിലെ ആ ഉള്‍ഗ്രാമത്തിലെ താമസക്കാര്‍ അനുഭവിച്ചറിഞ്ഞത്. ഇവരുടെ ഭൂമിയാണ് ഗ്രാമവാസികളെ ഒരു സുപ്രഭാതത്തില്‍ കോടിപതികളാക്കിയത്.
ബോംജയിലെ ഭൂമി സൈന്യം ഏറ്റെടുത്തതോടെയാണ് ഗ്രാമവാസികള്‍ക്ക് വന്‍തുക നഷ്ടപരിഹാരം ലഭിച്ചത്. എല്ലാവര്‍ക്കും ഒരു കോടിയില്‍ കൂടുതല്‍ തുക നല്‍കിയാണ് സൈന്യം സ്ഥലം ഏറ്റെടുത്തത്. ബോംജയിലെ സ്ഥലഉടമകള്‍ക്കുള്ള 41 കോടിയുടെ നഷ്ടപരിഹാരം മുഖ്യമന്ത്രി പെമ ഖണ്ഡു വിതരണം ചെയ്തു. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ മുക്തോയില്‍ നടന്ന ചടങ്ങിലായിരുന്നു 31 ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കിയത്.
ഇന്ത്യന്‍ സൈന്യത്തിന്റെ പ്രധാന യൂണിറ്റിനായാണ് 200.056 ഏക്കര്‍ ഭൂമി ഏറ്റെടുത്തത്. 6,73,29,925 കോടി രൂപയാണ് ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാര തുക. പ്രതിരോധ പദ്ധതികള്‍ക്കായി ഏറ്റെടുത്ത സ്ഥലത്തിന് നല്‍കാനുള്ള നഷ്ടപരിഹാര തുകകള്‍ ഉടന്‍ കൈമാറുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്ര സര്‍ക്കാരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ റെയില്‍, വ്യോമ, ഡിജിറ്റല്‍, റോഡ് ബന്ധം മെച്ചപ്പെടുത്താന്‍ അരുണാചലിന് കേന്ദ്രം പ്രത്യേക മുന്‍ഗണന നല്‍കുന്നുണ്ട്. ചൈനയുടെ പ്രതിരോധം നേരിടുന്ന അരുണാചലില്‍ സുരക്ഷ ശക്തമാക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ലക്ഷ്യം.