തെരഞ്ഞെടുപ്പ് ആസന്നമായ ത്രിപുരയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. കഴിഞ്ഞ 25 വര്‍ഷക്കാലമായി സംസ്ഥാനത്ത് ഭരണം നടത്തുന്ന ഇടതുപക്ഷമാണ് ത്രിപുരയുടെ പിന്നോക്കാവസ്ഥയ്ക്ക് കാരണമെന്ന് പ്രധാനമന്ത്രി ആരോപിച്ചു. അതേസമയം തന്റെ സര്‍ക്കാര്‍ നോര്‍ത്ത് ഈസ്റ്റ് ഇന്ത്യയുടെ വികസനത്തിനായി പരിശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
നോര്‍ത്ത് ഈസ്റ്റിലെ വലിയ ബാംബൂ ശ്രോതസ്സുകള്‍ പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ 1300 കോടി നല്‍കിയതാണ് പ്രധാനമന്ത്രി മോദി ചൂണ്ടിക്കാണിച്ചു. മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ ധന്‍പൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന സോനാമുര സബ് ഡിവിഷനിലായിരുന്നു തെരഞ്ഞെടുപ്പ് റാലി.
ത്രിപുരയില്‍ മാറ്റത്തിന് സമയമായെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കുന്ന മുദ്രാവാക്യം. ഫെബ്രുവരി 18ന് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ബിജെപിയുടെ താമര അടയാളത്തില്‍ വോട്ട് ചെയ്ത് ഇടത് സര്‍ക്കാരിനുള്ള ശിക്ഷ നടപ്പാക്കണം. 25 വര്‍ഷക്കാലത്തിനിടെ ജനങ്ങള്‍ക്കിടയില്‍ ദാരിദ്ര്യം വര്‍ദ്ധിക്കുകയും പിന്നോക്കാവസ്ഥ കൂടുകയുമല്ലാതെ മറ്റൊന്നും ജനങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ ആളുകള്‍ മികച്ച വേതനം നേടിയപ്പോള്‍ ദരിദ്രമായ ശമ്പളം നല്‍കി മണിക് സര്‍ക്കാര്‍ സംസ്ഥാനത്തെ ജനങ്ങളെ പറ്റിച്ചതായും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.