CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 13 Minutes 50 Seconds Ago
Breaking Now

ആധാര്‍ കാര്‍ഡില്ലാതെ പ്രസവിക്കാന്‍ വന്നിരിക്കുന്നു; ലേബര്‍ വാര്‍ഡില്‍ പ്രവേശനം നിഷേധിച്ച് ഡോക്ടര്‍മാരും നഴ്‌സുമാരും; എമര്‍ജന്‍സി വാര്‍ഡിലെ ഗെയിറ്റിന് പുറത്ത് വെറും നിലത്ത് പ്രസവിച്ച് 25-കാരി

കാഷ്വാലിറ്റിയില്‍ ഇരിക്കാന്‍ പോലും അധികൃതര്‍ മുന്നിയെ അനുവദിച്ചില്ലെന്ന് കുടുംബാംഗം

പ്രസവിക്കാനും ആധാര്‍ കാര്‍ഡ് വേണോ? ഗുഡ്ഗാവിലെ സര്‍ക്കാര്‍ ആശുപത്രി അധികൃതര്‍ ആധാര്‍ കാര്‍ഡില്ലാതെ എത്തിയ യുവതിയെ ലേബര്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. ഒടുവില്‍ എമര്‍ജന്‍സി വാര്‍ഡിന് പുറത്ത് വെറും നിലത്താണ് 25-കാരിയായ മുന്നി കെവാത് പ്രസവിച്ചത്. സംഭവം വിവാദമായതോടെ ഒരു ഡോക്ടറെയും, നഴ്‌സിനെയും സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ് ഗുഡ്ഗാവ് ചീഫ് മെഡിക്കല്‍ ഓഫീസര്‍. 

രാവിലെ മുതല്‍ പ്രസവ വേദന അനുഭവപ്പെട്ടതോടെയാണ് കുടുംബം മുന്നിയെ കൂട്ടി ആശുപത്രിയിലെത്തിയത്. 'രാവിലെ 9 മണിക്കാണ് ഞങ്ങള്‍ ആശുപത്രിയിലെത്തിയത്. കാഷ്വാലിറ്റി വാര്‍ഡിലേക്കാണ് പോയത്. അവിടെ ജീവനക്കാര്‍ ഞങ്ങളോട് ലേബര്‍ വാര്‍ഡിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവിടെ ഭാര്യയുടെ ആധാര്‍ കാര്‍ഡ് വേണമെന്നാണ് ജീവനക്കാര്‍ വാശിപിടിച്ചത്', യുവതിയുടെ ഭര്‍ത്താവ് അരുണ്‍ കെവാത് പറയുന്നു. 

ആധാര്‍ കാര്‍ഡ് കൈയില്‍ ഇല്ലാത്തതിനാല്‍ നമ്പര്‍ നല്‍കാമെന്ന് പറഞ്ഞെങ്കിലും ഒരു ലേഡി ഡോക്ടറും, ചില നഴ്‌സുമാരും എതിര്‍ത്തു. കാര്‍ഡ് നല്‍കിയാല്‍ മാത്രമേ ലേബര്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കാന്‍ കഴിയൂ എന്നായിരുന്നു ഇവരുടെ നിലപാട്. ഇതോടെ മറ്റ് ബന്ധുക്കളോട് ഭാര്യയെ നോക്കിക്കൊള്ളാന്‍ ആവശ്യപ്പെട്ട് ഭര്‍ത്താവ് ആധാര്‍ കാര്‍ഡിന്റെ കോപ്പി എടുക്കാനായി പോയി. ഈ സമയത്ത് യുവതിയെ കാഷ്വാലിറ്റിയില്‍ എത്തിക്കാനായിരുന്നു കുടുംബത്തിന്റെ ശ്രമം. 

എന്നാല്‍ കാഷ്വാലിറ്റിയില്‍ ഇരിക്കാന്‍ പോലും അധികൃതര്‍ മുന്നിയെ അനുവദിച്ചില്ലെന്ന് കുടുംബാംഗം പറയുന്നു. വാര്‍ഡില്‍ നിന്നും പുറത്താക്കിയ മുന്നി പ്രസവവേദന മൂലം ബുദ്ധിമുട്ടുകയായിരുന്നു. ഒടുവില്‍ എമര്‍ജന്‍സി വാര്‍ഡിന് പുറത്ത് നിലത്തുകിടന്ന് കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. തറയില്‍ രക്തം പടര്‍ന്നതോടെയാണ് ജീവനക്കാര്‍ സഹായിക്കാന്‍ പോലും തയ്യാറായത്. മറ്റ് രോഗികള്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു. 

കുടുംബം സംഭവങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചതോടെ ഡോക്ടറെയും, നഴ്‌സിനെയും സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.