മുന്‍ ധനമന്ത്രി പി. ചിദംബരത്തെ അതിഭയങ്കര ഡോക്ടറെന്ന് പരിഹസിച്ച് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി അരുണ്‍ ജെറ്റ്‌ലി. എല്ലാം അറിഞ്ഞിട്ടും, തെറ്റായ ചിന്താഗതികളുമായാണ് തന്റെ മുന്‍ഗാമി ജീവിക്കുന്നതെന്നും ധനമന്ത്രി ആരോപിച്ചു. 10 വര്‍ഷക്കാലം യുപിഎ ഭരണത്തില്‍ ഈ അതിഭയങ്കര ഡോക്ടര്‍ ഇന്ത്യയെ ലോകത്തിലെ 5 ദുര്‍ബ്ബലമായ സമ്പദ് വ്യവസ്ഥകളില്‍ ഒന്നാക്കി മാറ്റിയെന്നും അരുണ്‍ ജെറ്റ്‌ലി ചൂണ്ടിക്കാണിച്ചു.
2014-ല്‍ ബിജെപി അധികാരത്തില്‍ വന്നത് മുതല്‍ നയങ്ങളുടെ സ്തംഭനാവസ്ഥ മാറ്റി അടിസ്ഥാനപരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിച്ചു. ഇപ്പോള്‍ 5 ദുര്‍ബ്ബലമായ സമ്പദ് ഘടനയുള്ള രാജ്യങ്ങളുടെ പട്ടികയിലല്ല ഇന്ത്യയുടെ സ്ഥാനം, ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
യുപിഎ ഭരണവും, നിലവിലെ എന്‍ഡിഎ സര്‍ക്കാരും തമ്മിലുള്ള നടപടിക്രമങ്ങളിലുള്ള വ്യത്യാസങ്ങള്‍ വ്യക്തമാക്കിക്കൊണ്ടായിരുന്നു അരുണ്‍ ജെറ്റ്‌ലി ബജറ്റ് ചര്‍ച്ചയില്‍ മറുപടി പറഞ്ഞത്. കോര്‍പ്പറേറ്റ് ടാക്‌സ് 30ല്‍ നിന്നും 25 ആക്കി കുറച്ച നടപടിയെ ചിദംബരം ചോദ്യം ചെയ്തിരുന്നു. ഇന്ത്യന്‍ കമ്പനികള്‍ക്ക് നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ കസേര മാറിയതോടെ ചിദംബരം നിലപാടും മാറ്റിയെന്ന് ജെറ്റ്‌ലി വ്യക്തമാക്കി.
യുപിഎ ഭരണത്തില്‍ ഇരുന്നപ്പോള്‍ ആധാറും, ജിഎസ്ടിയും, കോര്‍പ്പറേറ്റ് ടാക്‌സ് മാറ്റവും അനുകൂലിച്ചവര്‍ പ്രതിപക്ഷത്തേക്ക് മാറിയപ്പോള്‍ നിലപാട് മാറിയിരിക്കുന്നു. ഇത്തരക്കാരുടെ നിലപാടിന് എന്ത് സ്ഥിരതയാണുള്ളത്? കൃഷി, തൊഴില്‍, വിദ്യാഭ്യാസ മേഖലകളിലെ പ്രശ്‌നങ്ങള്‍ നാല് വര്‍ഷം കൊണ്ട് ഉണ്ടായതല്ല, 55 വര്‍ഷക്കാലത്തെ ഭരണം കൊണ്ട് കോണ്‍ഗ്രസ് സൃഷ്ടിച്ച ആ തലവേദനകള്‍ മാറ്റാന്‍ സമയം വേണമെന്നും അരുണ്‍ ജെറ്റ്‌ലി വ്യക്തമാക്കി.