യു. കെ യുടെ വിവിധ ഭാഗങ്ങളിലായുള്ള യൂണിവേര്‍സിറ്റികളില്‍ ഉപരിപഠനാര്‍ത്ഥം പോകേണ്ടി വരുന്ന മലയാളി വിദ്യാര്‍ഥികളുടെ താമസ സൗകര്യം ഒരുക്കുന്ന കാര്യത്തില്‍ പ്രാദേശിക മലയാളി അസോസിയേഷനുകളുടെ സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്ന് യുക്മ നാഷണല്‍ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. യു. കെയിലേക്ക് മലയാളികളുടെ വന്‍തോതിലുള്ള കുടിയേറ്റം ഉണ്ടായിട്ട് ഏകദേശം പത്ത് കൊല്ലം തികയുകയാണ്.
ഇതോടൊപ്പം നമ്മുടെ കുട്ടികളും വളര്‍ന്ന്‍ വിവിധ മേഖലകളിലുള്ള യൂണിവേര്‍സിറ്റികളില്‍ ഉപരി പഠനത്തിനു പോകാനുള്ള കാലഘട്ടം ആയിരിക്കുകയാണ്. നമ്മുടെ കുട്ടികള്‍ അവരുടെ രക്ഷിതാക്കളുടെ കൂടെത്തന്നെ വളര്‍ന്ന് നമ്മുടെ സംസ്കാരം ഉള്‍ക്കൊണ്ടിട്ടുള്ളവരാണ്. പെട്ടെന്ന് വിവിധ സംസ്കാരങ്ങളില്‍ പെട്ട അന്യരാജ്യക്കാരായ പലവിധ ആളുകളുമായി ഒന്ന് ചേര്‍ന്ന് താമസിക്കുന്നതില്‍ പല വിധ ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകും. എല്ലാവരെയും ഇക്കാര്യത്തില്‍ സഹായിക്കാന്‍ കഴിയില്ലെങ്കിലും സ്വന്തം വീട് ഇത്തരം കുട്ടികളുമായി ഷെയര്‍ ചെയ്യാന്‍ സന്മനസ്സുള്ള കുടുംബങ്ങള്‍ക്ക് പെയ്ഡ് അക്കോമഡേഷന്‍ കൊടുക്കാന്‍ തയ്യാറാകാവുന്നതാണ്.
പ്രത്യേകിച്ച് പെണ്‍കുട്ടികളെ ദൂര ദേശങ്ങളില്‍ പഠിക്കാന്‍ വിടുന്ന രക്ഷിതാക്കളെ സംബന്ധിച്ച് അവരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ഇത് ഒരു പരിധി വരെ സഹായകരമായിരിക്കും. പല അവസരങ്ങളിലും നമ്മുടെ സമൂഹത്തിലെ നല്ലവരായ ആളുകള്‍ ഇത്തരം അവസരങ്ങളില്‍ പരസ്പരം സഹകരിക്കാറുണ്ട്. എന്നാല്‍ ഈ സംവിധാനം ഒരു കേന്ദ്രീകൃത സ്വഭാവമുള്ളതാക്കി യു. കെ യിലെ എല്ലാ മലയാളികള്‍ക്കും ഉപകരപ്രദമാക്കുക എന്നതാണ് ഇതിനു മുന്‍കൈ എടുക്കുന്നതിലൂടെ യു. കെ യില്‍ എല്ലായിടത്തും പ്രാതിനിധ്യമുള്ള ഏക സംഘടന എന്ന നിലയില്‍ യുക്മ ലക്ഷ്യമിടുന്നത്.
ഈ തരത്തില്‍ ചിന്തിക്കുവാന്‍ യുക്മ ഭാരവാഹികളെ പ്രേരിപ്പിച്ചത് യുക്മ അഭ്യുദയകാംക്ഷിയും സജീവാംഗവും ആയ ലിവര്‍പൂളില്‍ നിന്നും ഉള്ള ജോയ് അഗസ്തി യുക്മ ഫേസ്ബുക്ക് ഗ്രൂപ്പില്‍ എഴുതിയ ഒരു പോസ്റ്റ് ആണ്. വളരെ ക്രിയാത്മകവും പൊതു ജനോപകാരപ്രദവുമായ ഒരു നിര്‍ദ്ദേശമാണ് ഇതിലൂടെ അദ്ദേഹം മുന്‍പോട്ടു വച്ചത്.
ഇക്കാര്യം നടപ്പിലാക്കണമെങ്കില്‍ പക്ഷെ പ്രാദേശികമായി നല്ല പിന്തുണ ആവശ്യമാണ്. യുക്മ മെമ്പര്‍ അസോസിയേഷന്‍ ഭാരവാഹികളും മറ്റ് കൂട്ടായ്മ നേത്രുത്വങ്ങളിലുള്ളവരും ഇക്കാര്യത്തില്‍ മുന്‍കയ്യെടുത്ത് അതാത് പ്രദേശങ്ങളിലുള്ള ഈ രീതിയില്‍ താമസ സൗകര്യം നല്‍കാന്‍ തയ്യാറുള്ളവരുടെ പേരുവിവരങ്ങള്‍ താഴെ പറഞ്ഞിരിക്കുന്ന യുക്മ ഭാരവാഹികളെ ഏല്പിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
തങ്ങളുടെ കുട്ടികളെ ഈ രീതിയില്‍ താമസിപ്പിക്കണമെന്നഗ്രഹമുള്ള മാതാപിതാക്കള്‍ ഈ ആളുകളെ ബന്ധപ്പെട്ടാല്‍ അവരുടെ കുട്ടി പഠിക്കാന്‍ പോകാനുദ്ദേശിക്കുന്ന സ്ഥലത്ത് ഹോം അക്കോമഡേഷന്‍ സൗകര്യം നല്‍കാന്‍ തയ്യാറുള്ളവരുമായി ബന്ധപ്പെടുത്തുന്നതാണ്. നമ്മുടെ കുട്ടികളുടെ ഭാവി സുരക്ഷയും സമൂഹത്തിന്‍റെ കെട്ടുറപ്പും വര്‍ധിപ്പിക്കാനുതകുന്ന ഈ സംരഭത്തിന് എല്ലാവരില്‍ നിന്നും പിന്തുണ പ്രതീക്ഷിക്കുന്നതായി യുക്മ നാഷണല്‍ കമ്മറ്റിക്ക് വേണ്ടി പ്രസിഡന്‍റ് വിജി കെ.പി, സെക്രട്ടറി ബാല സജീവ് കുമാര്‍ എന്നിവര്‍ അറിയിച്ചു.
വിജി കെ.പി – 07429590337
ബാല സജീവ് കുമാര്‍ - 07500777681
ബിന്‍സു ജോണ്‍ - 07828840530
അലക്സ് വര്‍ഗീസ് - 07985641921