ലോകമലയാളി സമൂഹത്തിന്റെ ചരിത്രത്തില്‍ മഹത്തായ ഒരേട് കുറിച്ച് യുക്മ. യുക്മയുടെ നേതൃത്വത്തില്‍ ലോകത്തെ മികവാര്‍ന്ന മലയാളി നേതാക്കളെ അംഗീകരിച്ചപ്പോള്‍ യുക്മ ആദരസന്ധ്യ ഒരു മഹനീയ മുഹൂര്‍ത്തമായി.
അംഗീകാരങ്ങള്‍ ആഗ്രഹിക്കാതെ സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് യുക്മയുടെ അവാര്‍ഡിന് അര്‍ഹരായവര്‍. യുക്മ ആദര സന്ധ്യയില്‍ അവാര്‍ഡ് ഏറ്റുവാങ്ങിയ ഏവരേയും അഭിനന്ദിക്കുന്നു.
ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് ആരംഭിച്ച പരിപാടിയില്‍ ആംഗ്ലിക്കന്‍ സഭയിലെ പ്രഥമ മലയാളി ബിഷപ് റവ ഡോ ജോണ്‍ പെരുമ്പലത്ത് ഉത്ഘാടനം നിര്‍വ്വഹിച്ചു.
മള്‍ട്ടിക്കള്‍ച്ചറല്‍ എന്ന ആശയത്തിനപ്പുറം ഇന്റര്‍കള്‍ച്ചറല്‍ എന്ന ആശയത്തില്‍ ഉറച്ച് പ്രവാസി സംസ്‌കാരങ്ങള്‍ വളരേണ്ട സാഹചര്യമാണുള്ളതെന്ന് പ്രഖ്യാപിച്ച് യുക്മ ആദരസന്ധ്യയില്‍ ബിഷപ്പ് റവ. ഡോ. ജോണ്‍ പെരുമ്പലത്ത്. യുക്മ ആദര സന്ധ്യയില്‍ ഉദ്ഘാടന പ്രസംഗം നടത്തവെയാണ് പ്രവാസി സമൂഹം വഴിമാറി സഞ്ചരിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചത്.
'കോളോണിയല്‍ കാലത്തിന് ശേഷം വിവിധ സംസ്‌കാരങ്ങളില്‍ നിന്നുള്ളവര്‍ ഈ രാജ്യത്തേക്ക് കടന്നെത്തിയപ്പോഴാണ് മള്‍ട്ടി കള്‍ച്ചറലിസത്തിന് ആരംഭമായത്. മള്‍ട്ടി കള്‍ച്ചറലിസത്തില്‍ പരസ്പരം സഹിഷ്ണുതയോടെ ജീവിക്കുകയാണ് ചെയ്തത്. സ്വന്തം സംസ്‌കാരവുമായി പരസ്പരം കടന്നാക്രമിക്കാതെ ജീവിക്കുന്ന ആ രീതി പരാജയപ്പെട്ട് കഴിഞ്ഞു. ഇന്റര്‍ കള്‍ട്ടച്ചറല്‍ ആവുകയാണ് ഇനിയുള്ള വെല്ലുവിളി. പൊതുവായ സമൂഹത്തില്‍ സ്വന്തം വ്യക്തിത്വം കണ്ടെത്തുകയാണ് ആ രീതി. നല്ലത് സ്വീകരിച്ച്, സംസ്‌കാരങ്ങള്‍ പരസ്പരം ചേര്‍ന്ന് വളരുകയെന്നതാണ് ഇന്ന് ബ്രിട്ടന്‍ നേരിടുന്ന വെല്ലുവിളി. മലയാളികള്‍ക്ക് ഇതില്‍ വലിയ സംഭാവന നല്‍കാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നത്. അത്തരമൊരു രാജ്യത്ത് നിന്നാണ് നമ്മള്‍ വരുന്നത്. വിവിധ മതങ്ങളും, വിശ്വാസങ്ങളും ഒരുമയോടെ ജീവിക്കുന്ന ഇടം. വിവിധ സംസ്‌കാരങ്ങളും, വംശങ്ങളെയും സ്വീകരിക്കാന്‍ പാടുപെടുന്ന ഈ രാജ്യത്തേക്ക് ആ സംസ്‌കാരം എത്തിക്കാന്‍ നമുക്ക് സാധിക്കും', അദ്ദേഹം വ്യക്തമാക്കി.
'യുക്മ പോലുള്ള വിവിധ സംഘടനകള്‍ നമ്മുടെ സാംസ്‌കാരിക പാരമ്പര്യവുമായി ചേര്‍ന്ന് നില്‍ക്കാന്‍ ശ്രമിക്കണമെന്നാണ് എന്റെ പ്രാര്‍ത്ഥന. അതേസമയം പാലങ്ങള്‍ സൃഷ്ടിച്ച് പുതിയ ജീവിതരീതി കണ്ടെത്താനും ശ്രമിക്കണം. ഇന്റര്‍ കള്‍ച്ചറലായി, പരസ്പരം പഠിച്ച്, വെല്ലുവിളികള്‍ ഏറ്റെടുത്ത്, പരസ്പരം പ്രോത്സാഹിപ്പിച്ച്, സ്‌നേഹിച്ച് ജീവിക്കുന്നതാകണം ഈ രാജ്യത്തിനും, സമൂഹത്തിനും നമ്മള്‍ നല്‍കുന്ന സംഭാവന. ഈ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ മലയാളി സംഘടനകള്‍ക്കും എന്റെ ആശംസകള്‍', റവ. ഡോ. ജോണ്‍ പെരുമ്പലത്ത് ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി.
ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ മിനിസ്റ്റര്‍ കോര്‍ഡിനേറ്ററായ മന്‍മീത് സിങ് നാരങ് ഐപിഎസ് മുഖ്യ പ്രഭാഷണം നടത്തി. കൊച്ചിന്‍ കലാഭവന്റെ അമരക്കാരനും മിമിക്‌സ് പരേഡ് എന്ന കലയുടെ പിതാവുമായ ആര്‍ട്ടിസ്റ്റ് കെ എസ് പ്രസാദ് വിശിഷ്ടാതിഥിയായി.
അമേരിക്കയിലെ മലയാളി സംഘടനാ കൂട്ടായ്മയായ ഫൊക്കാനയുടെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളി, ഫിനാന്‍ഷ്യല്‍ കമ്മറ്റി ചെയര്‍മാന്‍ ബാബു സ്റ്റീഫന്‍, യൂറോപ്പിലെ സീനിയര്‍ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ ജോസ് കുമ്പിളുവേലില്‍ എന്നിവര്‍ യുക്മയുടെ ക്ഷണം സ്വീകരിച്ച് പരിപാടിയില്‍ പങ്കെടുത്തു.
മികച്ച പാര്‍ലമെന്റേറിയന് യുക്മ ഏര്‍പ്പെടുത്തിയ നിയമനിര്‍മ്മാണ പുരസ്‌ക്കാരം വി പി സജീന്ദ്രന്‍ എംഎല്‍എയ്ക്ക് സമ്മാനിച്ചു. യൂറോപ്പ്അമേരിക്ക മേഖലയിലെ ഏറ്റവും മികച്ച സംഘടനാ നേതാവായി അമേരിക്കന്‍ വന്‍കരയിലെ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മലയാളി സംഘടനാ കൂട്ടായ്മയായ ഫൊക്കാനയുടെ പ്രസിഡന്റ് മാധവന്‍ നായര്‍ക്ക് കൈമാറി. ബെസ്റ്റ് ട്രാന്‍സ്അറ്റ്‌ലാന്റിക് ലീഡര്‍ പുരസ്‌ക്കാരമാണ് അദ്ദേഹത്തിന് നല്‍കി ആദരിച്ചത്.
പ്രവാസി മലയാളികള്‍ക്കിടയിലെ പ്രവര്‍ത്തന മികവിനുള്ള പ്രവാസിരത്‌ന പുരസ്‌കാരം ജോളി തടത്തിലിന് (ജര്‍മ്മനി) നല്‍കി. ബിസ്സിനസ്സ്, സ്‌പോര്‍ട്ട്‌സ്, ബാങ്കിങ്, സംഘടനാ പ്രവര്‍ത്തനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ സമസ്ത മേഖലകളിലെ പ്രവര്‍ത്തന മികവാണ് അദ്ദേഹത്തെ പുരസ്‌ക്കാര നേട്ടത്തിന് അര്‍ഹനാക്കിയത്.
ഹെല്‍ത്ത്‌കെയര്‍ രംഗത്തെ കരിയര്‍ നേട്ടങ്ങളെ പരിഗണിച്ച് നല്‍കുന്ന കരിയര്‍ എക്‌സലന്‍സ് ഇന്‍ ഹെല്‍ത്ത് കെയര്‍ പുരസ്‌കാരം സിബി ചെത്തിപ്പുഴ (സ്വിറ്റ്‌സര്‍ലന്‍ഡ്) നേടി. മഹാത്മാഗാന്ധിയുടെ നൂറ്റിഅമ്പതാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് പ്രവാസലോകത്ത് ഗാന്ധിയന്‍ ആശയങ്ങളുടെ പ്രചാരം നടത്തുന്നത് പരിഗണിച്ച് ഏര്‍പ്പെടുത്തിയ മഹാത്മാ പുരസ്‌കാരത്തിന് വി ടി വി ദാമോദരന്‍ (ഗാന്ധി സാഹിത്യവേദി പ്രസിഡന്റ് അബുദാബി) അര്‍ഹനായി.
യു.കെ മലയാളികള്‍ക്കിടയിലും യുക്മയിലും നാളിത് വരെ നല്‍കിയിട്ടുള്ള സമഗ്ര സംഭാവനകളെ പരിഗണിച്ച് തമ്പി ജോസിന് (ലിവര്‍പൂള്‍) 'കര്‍മ്മശ്രേഷ്ഠ' പുരസ്‌കാരം സമ്മാനിച്ചു.നിറഞ്ഞ കൈയടികളോടെയാണ് സദസ്സ് യുകെ മലയാളികളുടെ പ്രിയങ്കരനായ തമ്പിച്ചേട്ടനെ തേടിയെത്തിയ ഈ അഭിമാനനേട്ടത്തെ സ്വീകരിച്ചത്. യു കെയിലും അന്തര്‍ദേശീയ തലത്തിലും കുടിയേറ്റ നിയമ രംഗത്തെ പ്രാഗത്ഭ്യം പരിഗണിച്ച് അഡ്വ. പോള്‍ ജോണ്‍ (ലണ്ടന്‍) ബെസ്റ്റ് ഇന്റര്‍നാഷണല്‍ ലോയര്‍ പുരസ്‌ക്കാരം നേടി.
കലാരംഗത്തെ നേട്ടങ്ങള്‍ക്കും യുക്മയ്ക്ക് നാളിതുവരെ നല്‍കിയിട്ടുള്ള സേവനങ്ങളെയും പരിഗണിച്ചാണ് പരിഗണിച്ച് ദീപ നായര്‍ക്ക് (നോട്ടിംഗ്ഹാം) കലാഭൂഷണം പുരസ്‌കാരം സമ്മാനിച്ചു. രണ്ട് പതിറ്റാണ്ട് കാലമായി ഹെല്‍ത്ത് കെയര്‍ വിദ്യാഭ്യാസ രംഗത്ത് വിശ്വസ്തമായ റിക്രൂട്ട്‌മെന്റ് കണ്‍സള്‍ട്ടന്‍സി നടത്തുന്നത് പരിഗണിച്ച് ഏലൂര്‍ കണ്‍സള്‍ട്ടന്‍സി ഡയറക്ടര്‍ മാത്യു ജെയിംസ് ഏലൂര്‍ (മാഞ്ചസ്റ്റര്‍)ന് ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഹെല്‍ത്ത്‌കെയര്‍ റിക്രൂട്ട്‌മെന്റ് പുരസ്‌കാരവും നല്‍കി.
യു കെ മലയാളികള്‍ക്കിടയിലെ ഏറ്റവും മികച്ച സംരംഭകന്‍ എന്ന നിലയില്‍ 'എന്റര്‍പ്രേണര്‍ ഓഫ് ദി ഇയര്‍' പുരസ്‌കാരം പാലക്കാടന്‍ മട്ട അരിയില്‍ നിന്നും 'കൊമ്പന്‍ ബിയര്‍' എന്ന ആശയം സമ്മാനിച്ച വിവേക് പിള്ളയ്ക്ക് (ലണ്ടന്‍) സമ്മാനിച്ചു.
യുക്മയുടെ വിവിധ അസോസിയേഷനുകള്‍ നടത്തിയ കലാപരിപാടികളോടെയാണ് ആദരസന്ധ്യക്ക് തുടക്കമായത്. കലാപരിപാടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പുരസ്‌കാരദാനം നടന്നു. ചടങ്ങില്‍ യുക്മയുടെ ഇക്കൊല്ലത്തെ ബോട്ട് റേസിന്റെ റോഡ്‌ഷോയുടെ ഉദ്ഘാടനം എംഎല്‍എ സജീന്ദ്രന്‍ നിര്‍വ്വഹിച്ചു. കൊച്ചിന്‍ കലാഭവന്‍ ലണ്ടന്റെ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ജെയ്‌സണ്‍ ജോര്‍ജ്ജ് യുക്മ ഭാരവാഹികളെ വേദിയിലേക്ക് ആനയിച്ചു. ഇവരെ സാക്ഷിയാക്കി അനുഗ്രഹീതമായ വേദിയില്‍ കൊച്ചിന്‍ കലാഭവന്റെ ലണ്ടന്‍ ഘടകത്തിന്റെ ഉദ്ഘാടനം കെ എസ് പ്രസാദ് ഉദ്ഘാടനം ചെയ്തു. മികവേറിയ കലാപരിപാടികളാണ് വേദിയില്‍ അരങ്ങേറിയത്.
യുക്മ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള ചടങ്ങില്‍ അധ്യക്ഷനായി. സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് ചടങ്ങില്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. സെലീന സജീവ് നന്ദി പറഞ്ഞു. ലോകമലയാളി സമൂഹത്തിന്റെ മുന്‍നിര നേതാക്കളെ തന്നെ ഒരു വേദിയില്‍ എത്തിക്കാന്‍ യുക്മയുടെ ഭാരവാഹികള്‍ നടത്തിയ പ്രവര്‍ത്തനം പ്രശംസ അര്‍ഹിക്കുന്നതാണ്.