മാസ്‌ക് ധരിക്കാത്തതിന് കുടിയേറ്റ തൊഴിലാളികളെ റോഡിലിട്ട് ഉരുട്ടി ശിക്ഷിച്ച് യുപി പോലീസ്. ഹാപുര്‍ ജില്ലയിലെ ഒരു റെയില്‍വേ ക്രോസിങ്ങിന് സമീപത്തെ റോഡില്‍ വച്ച് രണ്ട് കുടിയേറ്റ തൊഴിലാളികളെ പോലീസ് ഇത്തരത്തില്‍ ശിക്ഷിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ വിവിധ രാഷ്ട്രീയ നേതാക്കളടക്കം പ്രതിഷേധവുമായി രംഗത്തെത്തി.
മാസ്‌ക് ധരിക്കാതെ എത്തിയ കുടിയേറ്റ തൊഴിലാളികളെ രണ്ടുപോലീസുകാര്‍ ചേര്‍ന്നാണ് പ്രാകൃത രീതിയില്‍ ശിക്ഷിച്ചത്. പൊരി വെയിലത്ത് റോഡില്‍ കിടന്ന് ഉരുളാന്‍ പറഞ്ഞ ഇവരെ അത് നിര്‍ത്തുമ്പോള്‍ ലാത്തി ഉപയോഗിച്ച് അടിക്കുന്നതും വീഡിയോയിലുണ്ട്. റോഡിന്റെ ഇരുവശത്തേക്കും തൊഴിലാളികളെ ഉരുട്ടിക്കുന്നതിന് ഒട്ടേറെ പേര്‍ സാക്ഷികളായിരുന്നു. എന്നാല്‍ പോലീസിനെ ആരും തടഞ്ഞില്ല. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.