ഫ്രാന്‍സില്‍ നിന്നും ഇന്ത്യയിലേക്ക് ആദ്യ ബാച്ചില്‍ പെട്ട അഞ്ച് റഫാല്‍ യുദ്ധവിമാനങ്ങള്‍ പറന്നിട്ടുണ്ട്. അംബാലയില്‍ വന്നിറങ്ങുന്ന വിമാനങ്ങള്‍ സര്‍വ്വസന്നദ്ധമായാണ് വന്നിറങ്ങുക. ഇന്ത്യയും, ചൈനയും തമ്മിലുള്ള വടംവലികള്‍ക്ക് ഇടയില്‍ എത്തുന്ന റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് അധിക ബലം നല്‍കും.
ഇന്ത്യന്‍ വ്യോമസേനാ പൈലറ്റുമാരും, ഗ്രൗണ്ട് ക്രൂവും, ഫൈറ്ററും ഓപ്പറേഷണല്‍ റെഡിയെന്ന നിലയിലാണ് ഇന്ത്യയില്‍ എത്തുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ റഫാല്‍ 4.5 തലമുറയില്‍ പെട്ടതാണെന്നതിനാല്‍ തങ്ങളുടെ പക്കലുള്ള 5-ാം തലമുറ ജെ-20യാണ് മികച്ചതെന്ന് ചൈന അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ചൈനയുടെ മുന്‍നിര യുദ്ധവിമാനത്തെ 'പറപ്പിക്കാനുള്ള' ശേഷി റഫാലിനുണ്ടെന്ന് വിദഗ്ധര്‍ വ്യക്തമാക്കി.
ചൈനയുടെ ചെങ്ക്ഡു യുദ്ധവിമാനം അഞ്ചാം തലമുറയില്‍ പെട്ടതാണെന്നാണ് അവകാശവാദമെങ്കിലും ഇതൊരു 3.5 ജനറേഷന്‍ യുദ്ധവിമാനം മാത്രമാണെന്ന് ഇന്ത്യക്കായി റഫാല്‍ യുദ്ധവിമാനങ്ങള്‍ ടെസ്റ്റ് ഫ്‌ളൈറ്റ് ചെയ്ത എയര്‍ മാര്‍ഷല്‍ ആര്‍ നമ്പ്യാര്‍ (റിട്ട.) വ്യക്തമാക്കി. ഇന്ത്യയുടെ സുഖോയ് വിമാനത്തിലുള്ള മൂന്നാം തലമുറ എഞ്ചിനാണ് ചൈനയുടെ ജെ-20യിലുള്ളത്. കൂടാതെ മികച്ചതെന്ന് അവകാശപ്പെടുന്ന വിമാനത്തിനെ ചൈനയ്ക്ക് പോലും വിശ്വാസമില്ലെന്ന് തെളിയിച്ച് കൊണ്ട് അവര്‍ റഷ്യന്‍ സൂ35 വാങ്ങുന്നുമുണ്ട്.
ഈ റഷ്യന്‍ യുദ്ധവിമാനം പോലും റഫാലുമായി മത്സരിക്കാന്‍ ശേഷിയുള്ളതല്ലെന്ന് വിദഗ്ധര്‍ പറഞ്ഞു. ആയുധങ്ങള്‍, നൂതന സെന്‍സറുകള്‍, ഇന്റഗ്രേറ്റഡ് ആര്‍ക്കിടെക്ചര്‍ എന്നിവയുമായി നാല് മിസൈലുകള്‍ വരെ വഹിക്കാന്‍ ശേഷിയുള്ള റഫാല്‍ സൂ35-നേക്കാള്‍ മാരകമാണ്, നമ്പ്യാര്‍ കൂട്ടിച്ചേര്‍ത്തു. അഫ്ഗാനിസ്ഥാന്‍, ലിബിയ, സിറിയ തുടങ്ങിയ ഇടങ്ങളില്‍ കരുത്ത് തെളിയിച്ച റഫാല്‍ വിമാനങ്ങളുടെ എഞ്ചിനും മികച്ചതാണ്. ചൈനയുടെ ജെ20 ആകട്ടെ അവര്‍ അവകാശപ്പെടുന്നതിന് പുറത്ത് ഒരുവട്ടം പോലും പ്രയോഗിക്കപ്പെട്ടിട്ടുമില്ല.