CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Minutes 26 Seconds Ago
Breaking Now

ടണല്‍ തകര്‍ന്നതോടെ മരണം അടുത്തെത്തിയതായി തോന്നി, ഞങ്ങളെല്ലാവരും തുരങ്കത്തിനുള്ളില്‍ തന്നെ കുഴിച്ചു മൂടപ്പെടുമെന്ന് കരുതി... വെളിപ്പെടുത്തി രക്ഷപ്പെട്ട തൊഴിലാളി

രാജ്യം കണ്ട ഏറ്റവും മികച്ച രക്ഷാപ്രവര്‍ത്തമായിരുന്നു സില്‍ക്യാര ടണലില്‍ നടന്ന അത്ഭുതകരമായ രക്ഷാപ്രവര്‍ത്തനം. 17 ദിവസം നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് 41 തൊഴിലാളികള്‍ പുറംലോകം കണ്ടത്. ഏറെ വെല്ലുവിളികളെ അതിജീവിച്ചാണ് അവര്‍ പുതുജീവിതത്തിലേക്ക് എത്തിയത്. രക്ഷാപ്രവര്‍ത്തകര്‍ എത്തിച്ച ഓക്‌സിജനും ഭക്ഷണവും അത്യാവശ്യ സാധനങ്ങളും എത്തിക്കാന്‍ സ്ഥാപിച്ച ആറ് ഇഞ്ച് വ്യാസമുള്ള പൈപ്പാണ് അവരുടെ ജീവന് കരുത്തായത്.

ഇപ്പോഴിതാ തുരങ്കത്തില്‍ കഴിഞ്ഞ ദിവസങ്ങളെ കുറിച്ച് പങ്കുവയ്ക്കുകയാണ് രക്ഷപ്പെട്ട ജാര്‍ഖണ്ഡ് സ്വദേശിയായ 22 കാരന്‍ അനില്‍ ബേഡിയ. കൈവശമുണ്ടായിരുന്ന അവലും പാറയില്‍ നിന്നും ഒലിച്ചിറങ്ങുന്ന വെള്ളവും കുടിച്ചാണ് ആദ്യത്തെ പത്തു ദിവസം കഴിഞ്ഞതെന്ന് അനില്‍ പറയുന്നു.

ടണല്‍ തകര്‍ന്നതോടെ മരണം അടുത്തെത്തിയതായാണ് തോന്നിയത്. ഉച്ചത്തിലുള്ള നിലവിളികളാണ് കേട്ടത്. ഞങ്ങളെല്ലാവരും തുരങ്കത്തിനുള്ളില്‍ തന്നെ കുഴിച്ചു മൂടപ്പെടുമെന്ന് കരുതി. ആദ്യ ദിവസങ്ങളില്‍ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നെന്നും അനില്‍ ബേഡിയ പറയുന്നു.

ഓര്‍ക്കുമ്പോള്‍ ഇപ്പോഴും പേടി സ്വപ്നമാണ്. ദാഹിക്കുമ്പോള്‍ പാറയില്‍ നിന്നും ഒലിച്ചിറങ്ങുന്ന വെള്ളം നക്കിക്കുടിക്കുകയാണ് ചെയ്തിരുന്നത്. വിധി എന്താണ് തങ്ങള്‍ക്ക് തീരുമാനിച്ചിരിക്കുന്നതെന്ന് ഒരു നിശ്ചയവുമില്ലായിരുന്നുവെന്നും അനില്‍ പറഞ്ഞു.

രണ്ട് സൂപ്പര്‍വൈസര്‍മാരാണ് പാറകളിലൂടെ ഒഴുകുന്ന വെള്ളം കുടിക്കാന്‍ ആവശ്യപ്പെട്ടത്. ഞങ്ങള്‍ക്ക് തുരങ്കത്തിനുള്ളില്‍ പരസ്പരം ആശ്വാസം പകരുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നു. ഏകദേശം 70 മണിക്കൂറിന് ശേഷം അധികൃതര്‍ ഞങ്ങളുമായി ബന്ധം സ്ഥാപിച്ചപ്പോള്‍ അതിജീവനത്തെക്കുറിച്ചുള്ള ഞങ്ങളുടെ ആദ്യ പ്രതീക്ഷ ജ്വലിച്ചു,' ബേഡിയ വിവരിച്ചു.

ഒടുവില്‍, പുറത്ത് നിന്ന് ഞങ്ങളുമായി ആശയവിനിമയം നടത്തുന്ന ആളുകളുടെ ശബ്ദം കേട്ടപ്പോള്‍, ഉറച്ച വിശ്വാസവും അതിജീവനത്തെക്കുറിച്ചുള്ള പ്രതീക്ഷയും ഞങ്ങളുടെ നിരാശയെ മാറ്റി. കഠിനമായ ഉത്കണ്ഠയുടെ ആദ്യ 10 ദിവസങ്ങള്‍ക്ക് ശേഷം, വാഴപ്പഴം, ആപ്പിള്‍, ഓറഞ്ച് തുടങ്ങിയ പഴങ്ങള്‍ ഉള്‍പ്പെടെയുള്ള സപ്ലൈകള്‍, ചോറ്, പരിപ്പ്, ചപ്പാത്തി തുടങ്ങിയ ചൂടുള്ള ഭക്ഷണങ്ങളും വെള്ളക്കുപ്പികളും ലഭിച്ചെന്നും അനില്‍ പറഞ്ഞു.

ജാര്‍ഖണ്ഡിലെ റാഞ്ചിക്ക് സമീപമുള്ള ഖിരാബേഡ സ്വദേശിയാണ് അനില്‍ ബേഡിയ. നവംബര്‍ ഒന്നിന് ഗ്രാമത്തില്‍ നിന്നും 13 പേരാണ് ഉത്തരകാശിയില്‍ ജോലി തേടി പോയത്. തുരങ്കം തകര്‍ന്നപ്പോള്‍ ഖിരാബേഡയില്‍ നിന്നുള്ള മൂന്നുപേരാണ് ടണലില്‍ കുടുങ്ങിയപ്പോയതെന്നും അനില്‍ ബേഡിയ പറഞ്ഞു. ടണലില്‍ നിന്നും രക്ഷപ്പെടുത്തിയ ബേഡിയ ഇപ്പോള്‍ ഉത്തരാഖണ്ഡിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.