യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയാക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധം കനക്കുന്നതിനിടെ രാജി സന്നദ്ധത അറിയിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. യുവ ഡോക്ടര്‍ക്ക് നീതിയുറപ്പാക്കുന്നതല്ല പ്രതിഷേധക്കാരുടെ ലക്ഷ്യം മറിച്ച് തന്നെ മുഖ്യമന്ത്രി കസേരയില്‍ നിന്നും പുറത്താക്കുകയാണെന്നും മമത ആരോപിച്ചു. പ്രതിഷേധത്തിന് പിന്നില്‍ രാഷ്ട്രീയ താത്പര്യങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
'ജനങ്ങള്‍ക്ക് വേണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാറാണ്. മുഖ്യമന്ത്രി കസേരയല്ല മറിച്ച് ജനങ്ങള്‍ക്ക് നീതി ലഭിക്കുകയാണ് ആവശ്യം. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവ ഡോക്ടര്‍ക്ക് നീതി ലഭിക്കണം. ഒപ്പം ജനങ്ങള്‍ക്ക് കൃത്യമായ പരിചരണവും ലഭിക്കണം', മമത പറഞ്ഞു. യുവ ഡോക്ടര്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി സെക്രട്ടേറിയറ്റില്‍ എത്തിയിരുന്നു. എന്നാല്‍ തത്സമയ സംപ്രേക്ഷണം നടത്തണം എന്നതുള്‍പ്പെടെയുള്ള പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ തള്ളുകയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു മമത ബാനര്‍ജിയുടെ പ്രതികരണം.
ട്രെയിനി ഡോക്ടര്‍ക്ക് നിതീ തേടി ജൂനിയര്‍ ഡോക്ടര്‍മാര്‍ ജോലി ബഹിഷ്‌കരിച്ച് സമരം തുടരുകയാണ്. ഇത് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചതോടെയാണ് സര്‍ക്കാര്‍ സമവായ ചര്‍ച്ചയ്ക്ക് തയ്യാറായത്. ചര്‍ച്ചയില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യം വേണം, ചര്‍ച്ച തത്സമയം സംപ്രേഷണം ചെയ്യണം, ചര്‍ച്ചയ്ക്ക് 30 പേരെ പങ്കെടുപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളായിരുന്നു ജൂനിയര്‍ ഡോക്ടര്‍മാര്‍ മുന്നോട്ടുവച്ചത്. എന്നാല്‍ സര്‍ക്കാര്‍ ഇത് പൂര്‍ണമായും അംഗീകരിച്ചില്ല. കൂടിക്കാഴ്ചയ്ക്കായി മുഖ്യമന്ത്രി തയ്യാറായെങ്കിലും ഇതിന്റെ തത്സമയ സംപ്രേഷണം വിലക്കി. ചര്‍ച്ചയ്ക്ക് പതിനഞ്ചില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കരുതെന്ന നിര്‍ദേശവും മുന്നോട്ട് വച്ചു. ഇതോടെ ഡോക്ടര്‍മാര്‍ ചര്‍ച്ചയില്‍ നിന്ന് പിന്മാറി. സെക്രട്ടേറിയറ്റിലെ മീറ്റിങ് റൂമില്‍ രണ്ട് മണിക്കൂറിലധികം കാത്തിരുന്ന ശേഷമാണ് വാര്‍ത്താസമ്മേളനം വിളിച്ച് മമത ബാനര്‍ജി രാജിസന്നദ്ധത അറിയിച്ചത്.