റെയില്‍വെ ഗ്രൂപ്പ് ഡി ജീവനക്കാരനായ യുവാവിനെ ട്രെയിനിനുള്ളില്‍ വെച്ച് മര്‍ദിച്ചുകൊന്നു. യാത്രയ്ക്കിടെ 11 വയസുകാരിയെ ഉപദ്രവിച്ചു എന്നാരോപിച്ചായിരുന്നു ക്രൂരമായ മര്‍ദനം. ബിഹാറില്‍ നിന്ന് ദില്ലിയിലേക്കുള്ള ഹംസഫര്‍ എക്‌സ്പ്രസില്‍ ഉത്തര്‍പ്രദേശില്‍ വെച്ചായിരുന്നു സംഭവം. പ്രശാന്ത് കുമാര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.
ബിഹാറിലെ ഒരു സ്റ്റേഷനില്‍ നിന്ന് രാത്രി 11.30നാണ് പ്രശാന്ത് ട്രെയിനില്‍ കയറിയത്. 11 വയസുകാരിയായ ഒരു പെണ്‍കുട്ടി അപ്പോള്‍ അടുത്ത സീറ്റിലുണ്ടായിരുന്നു. യാത്രയ്ക്കിടെ പ്രശാന്ത് ഈ പെണ്‍കുട്ടിയെ തന്റെ സീറ്റില്‍ ഇരുത്തി. പിന്നീട് കുട്ടിയുടെ അമ്മ ബാത്ത്‌റൂമില്‍ പോയ സമയത്ത് പ്രശാന്ത് കുട്ടിയെ ഉപദ്രവിച്ചുവെന്നാണ് ആരോപണം. അമ്മ മടങ്ങിവന്നപ്പോള്‍ പെണ്‍കുട്ടി അമ്മയുടെ അടുത്തേക്ക് ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞു. കുട്ടി അമ്മയെ ബാത്ത്‌റൂമിലേക്ക് കൊണ്ടുപോയി എന്താണ് സംഭവിച്ചതെന്ന് വിവരിക്കുകയും ചെയ്തു.
അമ്മ ഉടനെ തന്നെ കുട്ടിയുടെ അച്ഛനെയും മറ്റ് ബന്ധുക്കളെയും വിവരം അറിയിച്ചു. ഇവര്‍ മറ്റൊരു കോച്ചില്‍ യാത്ര ചെയ്യുകയായിരുന്നു. ട്രെയിന്‍ ഉത്തര്‍പ്രദേശിലെ ലക്‌നൗവിലുള്ള ഐഷ്ബാഗ് സ്റ്റേഷനിലെത്തിയപ്പോള്‍ കുട്ടിയുടെ കുടുംബാംഗങ്ങളും മറ്റ് യാത്രക്കാരും ചേര്‍ന്ന് യുവാവിനെ പിടികൂടി. കോച്ചിന്റെ ഡോറുകള്‍ക്ക് സമീപത്തേക്ക് കൊണ്ടുപോയി ക്രൂരമായി മര്‍ദിക്കാന്‍ തുടങ്ങി. ട്രെയിന്‍ കാണ്‍പൂര്‍ സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തുന്നത് വരെയുള്ള ഒന്നര മണിക്കൂറോളം സമയം മര്‍ദനം തുടര്‍ന്നു.
പുലര്‍ച്ചെ 4.35ന് ട്രെയിന്‍ കാണ്‍പൂര്‍ സ്റ്റേഷനിലെത്തിയപ്പോള്‍ റെയില്‍വെ പൊലീസ് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ ലൈംഗിക പീഡനം ആരോപിച്ചും യുവാവിന്റെ ബന്ധുക്കള്‍ കൊലപാതകം ആരോപിച്ചും പൊലീസില്‍ പരാതി നല്‍കി.
പൊലീസാണ് യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ട വിവരം തങ്ങളെ വിളിച്ച് അറിയിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നതു പോലെയുള്ള പ്രവൃത്തികള്‍ ചെയ്യുന്ന ആളല്ല പ്രശാന്ത് എന്നും സംഭവത്തില്‍ ഗൂഡാലോചന ഉണ്ടെന്നുമാണ് ബന്ധുക്കളുടെ ആരോപണം. വളരെയധികം നേരം യുവാവിനെ മര്‍ദിച്ചിട്ടും ഉദ്യോഗസ്ഥരോ പൊലീസുകാരോ ഒന്നും അറിഞ്ഞില്ലെന്നും അവര്‍ പറഞ്ഞു.