മഹാരാഷ്ട്രയില്‍ ഭര്‍ത്താവിന് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തില്‍ ഭാര്യയുള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസ്. സെപ്റ്റംബര്‍ ആദ്യവാരം നടന്ന സംഭവത്തില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് കേസെടുത്തത്. ആക്രമിക്കപ്പെട്ട ഗോവിന്ദ് ഭഗവാന്‍ ഭികാനെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
വിവാഹമോചനം നേടിയെങ്കിലും രണ്ട് ആഴ്ചക്ക് മുന്‍പ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. സെപ്റ്റംബര്‍ അഞ്ചിന് ഭാര്യാ സഹോദരി വിളിക്കുകയും യുവതി അവരുടെ വീട്ടില്‍ ഉണ്ടെന്നും ഉടനെ വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. വന്നില്ലെങ്കില്‍ ഭാര്യ വിഷം കഴിക്കുമെന്നും സഹോദരി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ഭാര്യാസഹോദരിയുടെ വീട്ടിലെത്തിയതിന് പിന്നാലെ ഭാര്യയുള്‍പ്പെടെ നാലംഗ സംഘം ഭര്‍ത്താവിനെ മര്‍ദ്ദിക്കുകയായിരുന്നു. ദേഹത്തേക്ക് മുളകുപൊടിയെറിഞ്ഞ ശേഷം മര്‍ദ്ദിക്കുകയും പിന്നാലെ ആസിഡ് ഒഴിക്കുകയുമായിരുന്നുവെന്നാണ് പരാതി.
ബോധം നഷ്ടപ്പെട്ട യുവാവിനെ ഉപേക്ഷിച്ച് സംഘം കടന്നിരുന്നു. രാവിലെ ബോധം വീണ്ടെടുത്ത യുവാവ് ആശുപത്രിയിലെത്തുകയായിരുന്നു. കൈവശമുണ്ടായിരുന്ന 15000 രൂപയും മൊബൈല്‍ ഫോണും സംഘം തട്ടിയെടുത്തതായും പരാതിക്കാരന്‍ ആരോപിച്ചു. സംഭവത്തില്‍ ഭാരതീയ ന്യായ സം?ഹിത പ്രകാരം ഭാര്യക്കും ഭാര്യ സഹോദരിക്കും മറ്റ് പ്രതികള്‍ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.