തിരുമല വെങ്കിടേശ്വര ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രസാദമായി നല്‍കുന്ന ലഡ്ഡു ഉണ്ടാക്കുന്ന എണ്ണയില്‍ മൃഗകൊഴുപ്പും മീന്‍ എണ്ണയും അടങ്ങിയിട്ടുണ്ടെന്ന് ലാബ് റിപ്പോര്‍ട്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വലിയതോതില്‍ പ്രസാദത്തില്‍ മൃഗകൊഴുപ്പും മീന്‍ എണ്ണയും ചേര്‍ത്തിരുന്നുവെന്ന വെളിപ്പെടുത്തല്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു നടത്തിയിരുന്നു. ഈ ആരോപണം ശരി വയ്ക്കുന്നതാണ് ലാബ് റിപ്പോര്‍ട്ട്. എന്‍.ഡി.ഡി.ബി കാഫ് ലാബ് റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്.
ലഡ്ഡു ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന നെയ്യില്‍ പോത്തിന്റെയും പന്നിയുടെയും കൊഴുപ്പും മീന്‍ എണ്ണയും പാമോയിലും അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നത്. ആന്ധ്രപ്രദേശ് ഐടി മന്ത്രി നാരാ ലോകേഷും ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.
''തിരുമലയിലെ വെങ്കിടേശ്വര സ്വാമി ക്ഷേത്രം ഞങ്ങളുടെ ഏറ്റവും പവിത്രമായ ഇടമാണ്. ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ തിരുപ്പതി പ്രസാദത്തില്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്നറിഞ്ഞപ്പോള്‍ താന്‍ ഞെട്ടിയെന്നും,'' അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റില്‍ കുറിച്ചു.