CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Minutes 51 Seconds Ago
Breaking Now

യൂകെയിലെ ഏറ്റവും വലിയ അസോസിയേഷനുകളില്‍ ഒന്നായ വില്‍ഷെയര്‍ മലയാളീ അസോസിയേഷന്റെ ഓണാഘോഷവും 20ാo വാര്‍ഷികാഘോഷവും പ്രൗഢഗംഭീരമായി

സ്വിന്‍ഡന്‍ : സ്വിന്‍ഡന്‍ മേയര്‍ ഇമിത്യാസ് ഷെയ്ക് ഉത്ഘാടനവും യുകെ നിയമ മന്ത്രി ഹെയ്ദി അലക്‌സണ്ടര്‍ മുഖ്യ പ്രഭാഷണവും ബേസിംഗ്സ്റ്റോക്ക് കൗണ്‍സിലര്‍ സജീഷ് ടോം ഫാദര്‍ സജി നീണ്ടൂര്‍ എന്നിവര്‍ വിശിഷ്ടതിഥികളുമായി സംഘടിപ്പിച്ച ഓണാഘോഷപരിപാടിയില്‍ വില്‍ഷെയറിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ തദ്ദേശീയരും പ്രവാസികളുമായ 1000 തിലധികം മലയാളികള്‍ അണിചേര്‍ന്നപ്പോള്‍ അക്ഷരാര്‍ഥത്തില്‍ യുകെ മലയാളികളുടെ ഏറ്റവും വലിയ ഓണാഘോഷമായി മാറി.

സെപ്റ്റംബര്‍ 29, ഞായറാഴ്ച രാവിലെ 9 മണിക് ഓണപ്പൂക്കളവും തുടര്‍ന്ന് കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ പങ്കെടുത്ത നിരവധി ഓണക്കളികളും, തുടര്‍ന്ന് മട്ടാഞ്ചേരി കാറ്ററേഴ്‌സ് ഒരുക്കിയ ഓണസദ്യയും ഓണാഘോഷത്തിന് മിഴിവേകുന്നതായി. രാഗി ജി ആര്‍ ന്റെ പ്രാര്‍ത്ഥനാഗാനത്തോടുകൂടി സാംസ്‌കാരിക സമ്മേളനത്തിന് തുടക്കം കുറിച്ചു. തുടര്‍ന്ന് സ്വിന്‍ഡന്‍ സ്റ്റാര്‍സിന്റെ ചെണ്ടമേളവും പുലികളിയും ആരവത്തോടും ആര്‍പ്പുവിളികളോടും താളമേളങ്ങളോടും കൂടി മാവേലിയേയും വിശിഷ്ടതിഥികളെയും അസോസിയേഷന്‍ ഭാരവാഹികളെയും വേദിയിലേക്ക് ആനയിക്കപ്പെട്ടു. തുടര്‍ന്ന് പൊതുസമ്മേളനവും ഔപചാരിക ഉത്ഘാടനവും അതിനെത്തുടര്‍ന്ന് കേരളത്തിന്റെ തനത് സംസ്‌കാരത്തെ വിളിച്ചോതുന്ന വര്‍ണ്ണ ശബളിമയാര്‍ന്ന കലാമേളയും അരങ്ങേറുകയുണ്ടായി.

അസ്സോസിയേഷന്‍ സെക്രട്ടറി പ്രദീഷ് ഫിലിപ്പ് ഏവരെയും സ്വാഗതം ആശംസിച്ചുകൊണ്ട് സംസാരിക്കുകയുണ്ടായി. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും ഐക്യത്തിന്റെയും സ്ഫുരിക്കുന്ന ചിന്തയും പ്രവര്‍ത്തനങ്ങളും സമകാലീന ജീവിതത്തില്‍ ഉണ്ടാകണമെന്നും ഉറച്ച മൂല്യങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ട് കാലഘട്ടത്തിനനുസൃതമായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്നും ഏവര്‍ക്കും ഓണത്തിന്റെ ആശംസകള്‍ നേര്‍ന്നുകൊണ്ട് ശ്രീ പ്രദീഷ് ഫിലിപ്പ് ഏവരെയും സ്വാഗതം ചെയ്തു.

വില്‍ഷെയര്‍ മലയാളീ അസോസിയേഷന്‍ അംഗങ്ങള്‍ സ്വിന്‍ഡനിലെ സാമൂഹിക സാമ്പത്തിക മേഖലകളിലെ നിര്‍ണായക ഘടകമാണെന്നും NHS ന് നല്‍കിവരുന്ന സംഭാവന വിലമതിക്കാനാകാത്തതാണെന്നും വില്‍ഷെയര്‍ മലയാളികളുടെ ഒത്തുരുമയും കൂട്ടായ്മയുമാണ് ഈ കാണുന്ന വമ്പിച്ച ജനാവലിയെന്നും വില്‍ഷെയര്‍ മലയാളീ അസോസിയേഷന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ എന്നും ഒപ്പമുണ്ടാകുമെന്നും ഉത്ഘാടനം നിര്‍വഹിച്ചുകൊണ്ട് മേയര്‍ ഇംതിയാസ് ഷെയ്ക് അഭിപ്രായപ്പെട്ടു.

തുടര്‍ന്ന് ഓണാഘോഷം 2024 ന്റെ സന്ദേശം മഹാബലി നല്‍കുകയുണ്ടായി.

വില്‍ഷെയര്‍ മലയാളീ അസോസിയേഷന്റെ മാത്രമല്ല ഒരു പക്ഷെ യുകെ മലയാളീ അസോസിയേഷനുകളുടെ ചരിത്രത്തിലെ തന്നെ ആയിരത്തിലധികം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തപ്പെടുന്ന ഏറ്റവും വലിയ ഓണാഘോഷമായിരിക്കും ഇത്തവണ അസോസിയേഷന്‍ ഒരുക്കിയതെന്നും മലയാളികളുടെ ഹൃദയ സ്പന്ദനങ്ങളറിഞ്ഞു സാമൂഹികമായ ഏകീകരണത്തിന് ജാതി -മത- വര്‍ണ്ണ -വര്‍ഗ്ഗ -രാഷ്ട്രീയ ഭേദമില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ സംഘടനയുടെ ജന പിന്തുണയും സ്വീകാര്യതയും വിളിച്ചരിക്കുന്നതാണ് ഈ ഓണാഘോഷ പരിപാടി ആസ്വദിക്കാന്‍ ഇവിടെ എത്തിയ വലിയ ജനസഞ്ചയം എന്ന് അധ്യക്ഷത വഹിച്ചുകൊണ്ട് പ്രസിഡന്റ് പ്രിന്‍സ്മോന്‍ മാത്യു സംസാരിക്കുകയുണ്ടായി.

വില്‍ഷെയര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷവും 20-)0 വാര്‍ഷിക ആഘോഷവും തനത് സാംസ്‌കാരികതയെ വിളിചോതുന്നതാണെന്നും ആ സാംസ്‌കാരികതയുടെ ഭാഗമായി എത്തിച്ചേരാന്‍ സാധിച്ചത് ഭാഗ്യമായി കാണുന്നുവെന്നും രാജ്യത്തിന്റെ അഭിവൃദ്ധിയില്‍ മലയാളികളുടെ പങ്ക് വളരെ വലുതാണെന്നും ഇന്നത്തെ കുഞ്ഞുങ്ങള്‍ നാളെയുടെ പൗരന്മാരാണെന്നും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയും ഘടനാപരമായ കെട്ടുറപ്പും അത്യന്താപേക്ഷിതമാണെന്നും അതില്‍ വില്‍ഷെയര്‍ മലയാളീ അസോസിയേഷന്റെ പങ്ക് നിര്‍ണായകമാണെന്നും ഈ കൂട്ടായ്മ മറ്റു സാമുദായിക സംഘടനകള്‍ക്ക് മാതൃകയാണെന്നും ഏവര്‍ക്കും ഓണാഘോഷത്തിന്റെ ആശംസകളറിയിച്ചുകൊണ്ട് മന്ത്രി സംസാരിക്കുകയുണ്ടായി. അസോസിയേഷന്റെ 20-)0 വാര്‍ഷിക സുവനീര്‍ മന്ത്രി ഹെയ്ദി അലക്‌സണ്ടര്‍ ബേസിംഗ്സ്റ്റോക്ക് കൗണ്‍സിലറും യുക്മ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറികൂടിയായ ശ്രീ സജീഷ് ടോമിന് നല്‍കിക്കൊണ്ട് പ്രകാശനം നിര്‍വഹിച്ചു.

യുകെയിലെ മികച്ചതും ബ്രഹത്തായതുമായ മലയാളി സംഘടനകളില്‍ ഒന്നായ വില്‍ഷെയര്‍ മലയാളീ അസോസിയേഷന്‍ ഒരുക്കിയ ഈ വര്‍ഷത്തെ ഓണാഘോഷപരിപാടിയില്‍ കുടുംബസമേതം പങ്കെടുക്കുവാന്‍ സാധിച്ചത് വലിയൊരു അനുഗ്രഹമായിക്കാണുന്നുവെന്നും പൊതുപ്രവര്‍ത്തനം തുടങ്ങിയനാള്‍ മുതല്‍ യുകെയിലെ വിവിധ ഓണാഘോഷങ്ങളില്‍ പങ്കെടുക്കാറുണ്ടെകിലും ആദ്യമായാണ് ആയിരത്തിലധികം ആളുകള്‍ക്ക് ഒരുവേദിയില്‍ ഓണസദ്യ വിളമ്പി മികവുറ്റ കലാസാംസ്‌കാരിക മേള സംഘടിപ്പിച്ച വേദിയില്‍ എത്തുന്നതെന്ന് ബേസിംഗ്സ്റ്റോക്ക് കൗണ്‍സിലറും മികച്ച പൊതുപ്രവര്‍ത്തകനുമായ ശ്രീ സജീഷ് ടോം ആശംസ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. വില്‍ഷെയര്‍ മലയാളിസമൂഹവുമായി എന്നും ഊഷ്മളമായ ബന്ധം പുലര്‍ത്തിപ്പോരുന്ന ശ്രീ സജീഷ് ടോം WMA യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏല്ലാവിധ ആശിസുകളും ഓണാശസകളും നേര്‍ന്നു. ഇക്കഴിഞ്ഞ GCSC പരീക്ഷയില്‍ മികച്ച വിജയം നേടിയ അലന്‍ സെബിക്ക് സമ്മാനദാനം നല്‍കുകളുണ്ടായി.

സ്വിണ്ടനിലെ മലയാളികളുടെ എല്ലാവിധ പ്രവര്‍ത്തനങ്ങളിലും മുന്‍നിരയില്‍ നിന്ന് സജീവപങ്കാളിത്തം നല്കിപ്പോരുന്ന ആത്മീയ ആചാര്യന്‍ കൂടിയാണ് ഫാദര്‍ സജി നീണ്ടൂര്‍. വില്‍ഷെയറിലെ എല്ലാ അംഗങ്ങള്‍ക്കും ഓണാശംസകള്‍ നല്കിയതിനോടൊപ്പം ഈ വര്‍ഷത്തെ A Level പരീക്ഷയില്‍ മികച്ച വിജയം നേടിയ എല്‍ദോ ബെന്നിക്ക് ഫാദര്‍ സജി സമ്മാനദാനവും നിര്‍വഹിച്ചു. തുടര്‍ന്ന് ഈ അടുത്തകാലത്തായി പുറത്തിറങ്ങിയ ബിഗ് ബെന്‍ എന്ന ചിത്രത്തില്‍ ശ്രെധേയമായ വേഷം കൈകാര്യം ചെയ്ത ഹന്ന മറിയം മുസ്തഫ എന്ന കുട്ടിയെ ആദരിക്കുകയുണ്ടായി.

 

പൊതുസമ്മേളനത്തെത്തുടര്‍ന്ന് ഭാരതസംസ്‌കാരത്തിന്റെ മഹത്തായ പാരമ്പര്യവും സാംസ്‌കാരിക പൈതൃകവും ഇഴകലര്‍ത്തി ഭാരതത്തിലെ വിവിധ ഉത്സവങ്ങള്‍, ദീപാവലി, ഈദ്, ക്രിസ്തുമസ്, ഹോളി, ഗണേശചതുര്‍ത്ഥി, തുടങ്ങി അവസാനം ഓണാഘോഷവും ഒരേവേദിയില്‍ വേറിട്ട രീതിയില്‍ എഴുപതോളം കലാകാരമാരും കലാകാരികളും ചേര്‍ന്നവതരിപ്പിച്ച 'ഭാരതോത്സവ്' എന്ന പരിപാടി നിറകൈയ്യടികളോടെയാണ് ജനം വരവേറ്റത്. ഭാരതോത്സവിനോടോപ്പം മോഹിനിയാട്ടം, ഭരതനാട്യം, കഥകളി, കൂടാതെ യുകെയില്‍ അധികം പ്രചാരത്തിലില്ലാത്ത തെയ്യം എന്ന കലാരൂപം അതേ വശ്യതയിലും തനിമ നഷ്ടപ്പെടാതെയും വേദിയില്‍ അവതരിപ്പിച്ചത് ഭാരതോത്സവത്തിന്റെ മാറ്റ് കൂട്ടി.

അതിനെ തുടര്‍ന്ന് കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പങ്കെടുത്ത 20 ഓളം സംഘനൃത്തങ്ങളും തിരുവാതിര, കോല്‍ക്കളി തുടങ്ങി സാംസ്‌കാരികതയെ വിളിച്ചോതുന്ന തനത് നൃത്ത ശില്പങ്ങളും സംഗീതത്തിന്റെ മാസ്മരിക ലോകത്തേക്ക് നയിച്ച നിരവധി ഗായകരും പരിപാടികളെ ഉന്നത നിലവാരം പുലര്‍ത്തുന്നതാക്കിമാറ്റി.

ഓണാഘോഷപരിപാടികള്‍ മികവുറ്റതാക്കാന്‍ പ്രവര്‍ത്തിച്ച പ്രോഗ്രാം കോര്‍ഡിനേറ്റര്‍സ്, മെല്‍വിന്‍ മാത്യു, അഞ്ജന സുജിത് എന്നിവര്‍ ഏറെ പ്രശംസ പിടിച്ചുപറ്റുകയുണ്ടായി. പ്രോഗ്രാമിന്റെ അവതാരകര്‍ സോനാ ബേബിയും അല്‍ഫി മാത്യുവും മികവുറ്റ അവതരണ ശൈലി കാഴ്ചവച്ചു. ഓണാഘോഷ പരിപാടി കാര്യക്ഷമമായി പൂര്‍ത്തിയാക്കാന്‍ പ്രവര്‍ത്തിച്ച WMA കമ്മിറ്റി അംഗങ്ങള്‍: പ്രിന്‍സ്മോന്‍ മാത്യു, പ്രദീഷ് ഫിലിപ്പ്, സജി മാത്യു, സോണി കാച്ചപ്പിള്ളി, അഗസ്റ്റിന്‍ ജോസഫ്, സിസി ആന്റണി, ഗീതു അശോകന്‍, മാത്യു കുര്യാക്കോസ്, ലൂക്കോസ് തോമസ്, സജി ജോര്‍ജ്, ജോസ് ഞാളിയത്ത്, മനു ജോസഫ്, ജോര്‍ജ് കുര്യാക്കോസ്, ജോബി ജോസ്, ജിന്‍സ് ജോസഫ് , രാജേഷ് നടേപ്പിള്ളി എന്നിവരാണ്. WMA സുവനീര്‍ കമ്മറ്റി അംഗങ്ങള്‍: ജെയ്മോന്‍ ചാക്കോ (ചീഫ് എഡിറ്റര്‍) റെയ്മോള്‍ നിധീരി (സബ് എഡിറ്റര്‍ ) പ്രിന്‍സ്മോന്‍ മാത്യു, പ്രദീഷ് ഫിലിപ്പ്, സജി മാത്യു, സോണി കാച്ചപ്പിള്ളി, രാജേഷ് നടേപ്പിള്ളി, ടെസ്സി മാത്യു, ബിജു ചാക്കോ, അഭിലാഷ് അഗസ്റ്റിൻ,ഹരീഷ് കെ. പി. ഡോൾജി പോള്‍, ആല്‍ബി ജോമി എന്നിവരാണ്.

സോണി കാച്ചപ്പിള്ളിയും പോള്‍സണ്‍ ജോസും സംയുക്തമായൊരുക്കിയ ശബ്ദവും വെളിച്ചവും പരിപാടികള്‍ക്ക് മിഴിവേകി. Medianet UK Ltd ന്റെ ദൃശ്യവിസ്മയം ഓണാഘോഷത്തെ വ്യത്യസ്ത അനുഭവമുള്ളതാക്കി തീര്‍ത്തു.

WMA യുടെ മുഖ്യ സ്‌പോണ്‍സര്‍ ആയ INFINITY FINANCIALS LTD നറുക്കെടുപ്പിലൂടെ സ്വര്‍ണനാണയം സമ്മാനമായി നല്‍കുകയുണ്ടായി.

WMA ഒരുക്കിയ റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പിലൂടെ നിരവധി പേര്‍ സ്വര്‍ണനാണയം കരസ്ഥമാക്കുകയുണ്ടായി. ഓണാഘോഷത്തോടനുബന്ധിച്ചു ബെറ്റെര്‍ഫ്രെയിംസ് രാജേഷ് നടേപ്പിള്ളി ഫോട്ടോഗ്രാഫിയും സോജി തോമസ് വീഡിയോഗ്രാഫിയും നിര്‍വഹിച്ചു,

 

പരിപാടികള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് ട്രഷറര്‍ ശ്രീ സജി മാത്യു ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.

 

കൂടുതല്‍ ചിത്രങ്ങള്‍ കാണാം#mce_temp_url#

News : Rajesh Nadeppilly , Media Coordinator , WMA




കൂടുതല്‍വാര്‍ത്തകള്‍.