ഷങ്കറിന്റെ സിനിമകള്‍ പോലെ തന്നെ സിനിമകളിലെ ഗാനങ്ങളും ശ്രദ്ധേയമാണ്. രാംചരണിനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'ഗെയിം ചെയ്ഞ്ചര്‍'. ചിത്രത്തിന്റെ ഒരു ഗാനത്തിനായി മുടക്കിയ തുക കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. 20 കോടി രൂപയാണ് ഒരു ഗാനത്തിന് മാത്രമായി ഉപയോഗിച്ചിരിക്കുന്നത്.
നിര്‍മാതാവിന്റെ പണം കളയുന്ന ഏര്‍പ്പാടാണ് ഷങ്കര്‍ ചെയ്യുന്നതെന്നും ഒരു ഗാനത്തിന് ഇത്രയും തുക ചിലവാക്കേണ്ട കാര്യം എന്താണെന്നും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചോദിക്കുന്നുണ്ട്. അവസാന ചിത്രമായ ഇന്ത്യന്‍ 2 വിന്റെ ദയനീയ പരാജയവും ചിലര്‍ ചൂണ്ടിക്കാട്ടി.
ഈ തുകയുണ്ടെങ്കില്‍ മലയാളത്തില്‍ രണ്ട് സിനിമകള്‍ ചെയ്യാമെന്നും കമന്റുകള്‍ ഉയരുന്നുണ്ട്. അതേസമയം സിനിമയുടെ വലുപ്പത്തിന് അനുസരിച്ച് ഗാനരംഗവും ഗംഭീരമാവണമെന്നും എന്ര്ടെയ്ന്മെന്റാണ് അടിസ്ഥാനപരമായി ഉദ്ദേശിക്കുന്നതെന്നും ചിലര്‍ പറയുന്നുണ്ട്.
2025 ജനുവരിയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. രാംചരണും കിയാര അദ്വാനിയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ അഞ്ജലി, എസ് ജെ സൂര്യ, ജയറാം, സുനില്‍, ശ്രീകാന്ത്, സമുദ്രക്കനി, നാസര്‍ തുടങ്ങിയ വലിയ താരനിര തന്നെ അഭിനയിക്കുന്നുണ്ട്. മദന്‍ എന്ന ഐഎഎസ് ഓഫീസറുടെ വേഷത്തിലാണ് രാം ചരണ്‍ ചിത്രത്തില്‍ എത്തുന്നത്.