
















വയനാടിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി. വയനാട്ടില്‍ അഞ്ഞൂറിലധികം സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയായെന്നും മുന്‍ എംപി രാഹുല്‍ ഗാന്ധി ഇരകള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും വയനാടിനെ ലഹരിയുടെ കേന്ദ്രമാക്കി മാറ്റിയെന്നും പ്രദീപ് ഭണ്ഡാരി ആരോപിച്ചു. എക്സിലൂടെയാണ് വിമര്‍ശനം.
'എംപി എന്ന നിലയില്‍ രാഹുല്‍ ഗാന്ധി വയനാടിന്റെ ജനവിധിയെ വഞ്ചിച്ചു. വയനാടിനെ ലഹരിയുടെ കേന്ദ്രമാക്കി മാറ്റി. 500 ലധികം ബലാത്സംഗ കേസുകള്‍ നടന്നിട്ടും ഇരകളെ ആശ്വസിപ്പിക്കാന്‍ ഒരു സന്ദര്‍ശനം പോലും രാഹുല്‍ നടത്തിയില്ല. 2019 ല്‍ 17 പേരുടേയും 2021 ല്‍ 53 പേരുടേയും 2022 ല്‍ 28 പേരുടേയും 2024ല്‍ നൂറുകണക്കിന് ആളുകളുടേയും മരണത്തിലേക്ക് നയിച്ച ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പുകള്‍ അവഗണിച്ചു. കോണ്‍ഗ്രസ് ജനങ്ങളെ നിസ്സാരമായി കാണുകയും വോട്ട് ബാങ്ക് ഉറപ്പിക്കുന്നതിലൂടെ വര്‍ഗീയ രാഷ്ട്രീയം കളിക്കുകയും ചെയ്യുന്നു.
പ്രിയങ്കാ ഗാന്ധിയുടെ അരങ്ങേറ്റം പൂര്‍ണമായും തള്ളപ്പെടും. ഇത്തവണ ജനങ്ങള്‍ ഉത്തരം നല്‍കും!'- എന്നാണ് പ്രദീപ് ഭണ്ഡാരി എക്സില്‍ കുറിച്ചത്.
ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധി മുസ്‌ലിം തൊപ്പി ധരിച്ച് ഇഫ്താര്‍ വിരുന്നില്‍ പ?ങ്കെടുത്തതിന്റെ ചിത്രവും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2024 ജൂലൈയിലാണ് പ്രദീപ് ഭണ്ഡാരിയെ ബിജെപി ദേശീയ വക്താവായി തിരഞ്ഞെടുത്തത്. നിരവധി ചാനലുകളില്‍ ഇയാള്‍ മാധ്യമപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആരോപണത്തില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി.
അതിമനോഹരമായ, സംസ്‌കാര സമ്പന്നമായ ഒരുനാടാണ് വയനാട്. അവിടെ ഇത്തരത്തില്‍ യാതൊരു തെറ്റായ പ്രവണതകളും നടക്കുന്നില്ല. ഇത്തരം സംഭവങ്ങള്‍ ഉണ്ടെന്ന് വരുത്തി തീര്‍ത്തത് വയനാടിനെയും കേരളത്തേയും അപമാനിക്കുന്നതിന് തുല്ല്യമാണ്. അതിനെ അംഗീകരിക്കുന്നില്ല. രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍ വയനാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നപ്പോഴെല്ലാം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സമീപിച്ചിട്ടുണ്ട്. പാര്‍ലമെന്റില്‍ ഉന്നയിച്ചിട്ടുണ്ട്. മറിച്ചുള്ള പ്രചാരണങ്ങളെല്ലാം അടിസ്ഥാന രഹിതമാണ്', എന്നും രമേശ് ചെന്നിത്തല പറഞ്ഞു.