മുതിര്‍ന്ന തമിഴ് നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു. 80 വയസ്സായിരുന്നു. ചെന്നൈയിലെ രാമപുരം സെന്തമിഴ് നഗറിലെ വസതിയില്‍ ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും.
ജനപ്രിയ നടന്മാരില്‍ ഒരാളായ ഡല്‍ഹി ഗണേഷ് നാനൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1944ല്‍ നെല്ലായിയില്‍ ജനിച്ച ഡല്‍ഹി ഗണേഷ് 1976ല്‍ പട്ടിനപ്രവേശം എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ഭാരത് നാടക സഭ എന്ന ഡല്‍ഹി നാടക സംഘത്തിലെ അംഗമായിരുന്നു ഡല്‍ഹി ഗണേഷ്. സിനിമകളില്‍ അഭിനയിക്കുന്നതിന് മുമ്പ് 1964 മുതല്‍ 1974 വരെ ഇന്ത്യന്‍ വ്യോമസേനയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കഥാപാത്രങ്ങളിലും വില്ലന്‍ വേഷങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച് ആരാധകര്‍ക്കിടയില്‍ തന്റേതായ ഒരു പ്രത്യേക ഇടം ഡല്‍ഹി ഗണേഷ് നേടിയിട്ടുണ്ട്. ക്യാരക്ടര്‍ റോളില്‍ മാത്രമല്ല ഹാസ്യ വേഷങ്ങളിലും ഡല്‍ഹി ഗണേഷ് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. അവ്വൈ ഷണ്‍മുഖി ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലെ ഡല്‍ഹി ഗണേഷിന്റെയും കമല്‍ഹാസന്റെയും രംഗങ്ങള്‍ ആരാധകര്‍ക്കിടയില്‍ പ്രിയങ്കരമാണ്.