ഇനി തന്നെ 'ഉലകനായകന്‍' എന്ന് വിളിക്കരുതെന്ന് കമന്‍ ഹാസന്‍. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് താരത്തിന്റെ അഭ്യര്‍ത്ഥന. ആരാധകരും മാധ്യമങ്ങളും സിനിമാ മേഖലയിലെ സുഹൃത്തുക്കളും പാര്‍ട്ടി അംഗങ്ങളും തുടങ്ങി ആരും ഇനി തന്നെ ഉലകനായകന്‍ എന്ന് വിളിക്കേണ്ടതില്ലെന്നും കമല്‍ ഹാസന്‍ എന്നോ കമല്‍ എന്നോ കെ.എച്ച് എന്നോ അഭിസംബോധന ചെയ്താല്‍ മതിയെന്നും നടന്‍ വ്യക്തമാക്കി.
കമല്‍ ഹാസന്റെ കുറിപ്പ്:
എന്നോടുള്ള സ്‌നേഹം കൊണ്ടാണ് നിങ്ങള്‍ എന്നെ 'ഉലകനായകന്‍' എന്നതുള്‍പ്പെടെയുള്ള പ്രിയപ്പെട്ട പല പേരുകളും വിളിച്ചത്. സഹ കലാകാരന്മാരും ആരാധകരും നല്‍കുകയും സ്വീകരിക്കുകയും ചെയ്യുന്ന അത്തരം അഭിനന്ദന വാക്കുകളില്‍ ഞാന്‍ സന്തുഷ്ടനാണ്. നിങ്ങളുടെ സ്നേഹത്തിന് ഞാന്‍ എന്നേക്കും നന്ദിയുള്ളവനാണ്.
ഏതൊരു വ്യക്തിയേക്കാളും വലുതാണ് സിനിമ എന്ന കല. കൂടുതല്‍ പഠിക്കാനും കലയില്‍ വളരാനും ആഗ്രഹിക്കുന്ന ഒരു വിദ്യാര്‍ത്ഥിയാണ് ഞാന്‍. മറ്റ് കലകളെപ്പോലെ സിനിമയും എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. എല്ലാവര്‍ക്കും വേണ്ടി. കഴിവുള്ള കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും നല്ല പ്രേക്ഷകരുടെയും കൂട്ടായ്മയായാണ് സിനിമ രൂപപ്പെടുന്നത്.
കലാകാരന്‍ കലയേക്കാള്‍ വലുതല്ല എന്നാണ് എന്റെ അഗാധമായ വിശ്വാസം. എന്റെ അപൂര്‍ണതകളെ കുറിച്ചും മെച്ചപ്പെടുത്താനുള്ള എന്റെ കടമയെക്കുറിച്ചും നിരന്തരം ബോധവാനായി നിലകൊള്ളാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഏറെ ആലോചിച്ച ശേഷം ഒരു തീരുമാനം എടുക്കേണ്ടി വന്നത്.
മേല്‍പ്പറഞ്ഞ ശീര്‍ഷകങ്ങളും വിശേഷണങ്ങളും മാന്യമായി നിരസിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാകുന്നു. വര്‍ഷങ്ങളായി നിങ്ങളുടെ ദയക്ക് വീണ്ടും നന്ദി. ഈ തീരുമാനം വിനയത്തിന്റെയും എന്റെ വേരുകളിലും ലക്ഷ്യത്തിലും വിശ്വസ്തത പുലര്‍ത്താനുള്ള ആഗ്രഹത്തില്‍ നിന്നാണ് വരുന്നതെന്ന് ദയവായി അറിയുക.