ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരായ വധ ഭീഷണയില്‍ ഒരാള്‍ അറസ്റ്റില്‍. ഛത്തീസ്ഗഡില്‍ നിന്നുള്ള അഭിഭാഷകനായ മുഹമ്മദ് ഫൈസാന്‍ ഖാന്‍ എന്നയാളാണ് അറസ്റ്റിലായത്. നവംബര്‍ ഏഴിനാണ് ഷാരൂഖ് ഖാന് ഫോണ്‍ കോളിലൂടെ ഭീഷണിയെത്തിയത്. 50 ലക്ഷം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നായിരുന്നു ഭീഷണി.
റായ്പൂരിലുള്ള വീട്ടില്‍ നിന്നാണ് ഷാരൂഖിനെ ഇയാള്‍ ഭീഷണിപ്പെടുത്തിയതെന്നാണ് വിവരം. ഫോണ്‍ നമ്പര്‍ ട്രേസ് ചെയ്ത പൊലീസ് ആദ്യമേ ഇയാളോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും, ഇയാള്‍ തയ്യാറായില്ല. തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ബിഎന്‍എസ് സെക്ഷന്‍ 308(4), 351(3)(4) എന്നീ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
എന്നാല്‍ തന്റെ ഫോണ്‍ നവംബര്‍ രണ്ടിന് കാണാതായെന്ന് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. തന്റെ ഫോണ്‍ ഉപയോഗിച്ച് ആരോ ഷാരൂഖിനെ വിളിച്ചതാണെന്നും തനിക്ക് ഇതില്‍ പങ്കില്ലെന്നുമാണ് ഫൈസാന്റെ വാദം.വിഷയത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.