ആത്മകഥാ വിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടെ ഇപി ജയരാജന് ഇന്ന് പാലക്കാട് എത്തും. വൈകിട്ട് അഞ്ചുമണിക്ക് മുന്‍സിപ്പല്‍ ബസ്റ്റാന്‍ഡ് പരിസരത്ത് പൊതുയോഗം ഉദ്ഘാടനം ചെയ്ത് ജയരാജന് ഇടത് സ്ഥാനാര്‍ഥി പി സരിനായി വോട്ട് അഭ്യര്‍ത്ഥിക്കും.
ഇപിയുടെ ആത്മകഥ എന്ന പേരില്‍ പുറത്തുവന്ന ഭാഗങ്ങങ്ങളിലെ പരാമര്‍ശങ്ങള്‍ പാലക്കാട്ടെ പ്രവര്‍ത്തകരില്‍ വലിയ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. ഇത് മറികടക്കുന്നതിനാണ് ഇപിയെ നേരിട്ട് തന്നെ പാലക്കാട് എത്തിക്കുന്നത്.
അവസരവാദ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ സരിനിനെക്കുറിച്ചും പറയണമെന്ന് പറഞ്ഞായിരുന്നു പി സരിനെ പറ്റിയുള്ള പരാമര്‍ശം. സ്വതന്ത്രരെ ഇറക്കിയുള്ള പരീക്ഷണം ചിലപ്പോഴെങ്കിലും വിജയിച്ചിട്ടുണ്ടെങ്കിലും അത് വയ്യാവേലി ആകുന്ന സന്ദര്‍ഭവും ഉണ്ടായിട്ടുണ്ടെന്നായിരുന്നു അത്. അതേസമയം ആത്മകഥയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജനോട് പാര്‍ട്ടി വിശദമായ വിശദീകരണം തേടാന്‍ സാധ്യതയുണ്ട്.
കൈയെഴുത്തുപ്രതിയുടെ ഭാഗങ്ങള്‍ പങ്കുവെച്ചതായി സമ്മതിച്ചെങ്കിലും ആത്മകഥ ഡിസി ബുക്സിന് ഔദ്യോഗികമായി കൈമാറിയിട്ടില്ലെന്ന് ജയരാജന് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചില ഭാഗങ്ങള്‍ പങ്കുവെച്ചെങ്കിലും പ്രസിദ്ധീകരണത്തിന് അന്തിമ അനുമതിയോ റിലീസ് തീയതിയോ നിശ്ചയിച്ചിട്ടില്ലെന്ന് അദ്ദേഹം ചില സിപിഎം നേതാക്കളെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. ആത്മകഥയുടെ ചോര്‍ച്ചയുടെ ഉറവിടം വ്യക്തമല്ലെങ്കിലും ജയരാജന്റെ വിശദീകരണത്തെ ആശ്രയിച്ചിരിക്കും തുടര്‍ നടപടികള്‍.