പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി പി സരിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച് ഇ പി ജയരാജന്‍. പി സരിന്‍ അവസര വാദിയാണെന്നും സ്വതന്ത്രര്‍ വയ്യാവേലി ആകുന്നത് ഓര്‍ക്കണമെന്നും വിമര്‍ശനമുണ്ട്. 'കത്തിപ്പടരാന്‍ കട്ടന്‍ ചായയും പരിപ്പ് വടയും' എന്ന ആത്മകഥയിലാണ് വിമര്‍ശനം. ആത്മകഥയുടെ ഭാഗങ്ങള്‍ പുറത്ത് വന്നിരുന്നു.
സ്വതന്ത്രര്‍ വയ്യാവേലി ആകുന്നത് ഓര്‍ക്കണമെന്ന് ഇ എം എസ് തന്നെ ഇക്കാര്യം പറഞ്ഞിരുന്നുവെന്നും ഇ പി ജയരാജന്‍ പറഞ്ഞു. പിവി അന്‍വറിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് ഇപി സരിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ വിമര്‍ശിക്കുന്നത്. മരിക്കും വരെ സിപിഎം ആയിരിക്കും. പാര്‍ട്ടി വിടുമെന്ന് സ്വപ്നം കണ്ടാല്‍ ഞാന്‍ മരിച്ചു എന്നര്‍ത്ഥമെന്നും ഇപി പറയുന്നു.
ഡിസി ബുക്ക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിലെ ഭാഗങ്ങളാണ് പുറത്ത് വന്നത്. ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കര്‍ കൂട്ടിക്കാഴ്ച്ച വിവാദം ആക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ആത്മകഥയിലെ മറ്റൊരു വിമര്‍ശനം. പി സരിന്‍ അവസരവാദിയാണെന്നും വിമര്‍ശനമുണ്ട്. അതേസമയം വാര്‍ത്ത തെറ്റാണെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. താന്‍ ബുക്ക് എഴുതി തീര്‍ന്നിട്ടില്ലെന്നും ഡി സി ബുക്‌സിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇപി ജയരാജന്‍ പറഞ്ഞു.