രാഹുല്‍ മാങ്കൂട്ടത്തില്‍ എഴുതിയ ഇ. പി ജയരാജന്റെ ആത്മകഥയാണ് പുറത്തുവന്നതെന്ന് പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി പി സരിന്. തിരക്കഥ എഴുതിയത് ഷാഫി പറമ്പിലാണെന്നും വി ഡി സതീശന് കൂടെ നിന്നുവെന്ന് പി സരിന് ആരോപിച്ചു. പോളിംഗിനെ സ്വാധീനിക്കാന്‍ കൊണ്ടുവന്ന ആയുധമാണ് ഇ പി ജയരാജന്റെ ആത്മകഥ. ഉപജാപക സംഘത്തിന്റെ ഗൂഢാലോചനയാണ് പിന്നില്‍. പക്ഷെ പാലക്കാട്ടെ വോട്ടര്‍മാരെ ഇതൊന്നും ബാധിക്കില്ലെന്ന് പി സരിന് പ്രതികരിച്ചു.
വിഡി സതീശന് പാലക്കാടിന്റെ രാഷ്ട്രീയം അറിയില്ല. വി.ഡി സതീശന് ഭൂരിപക്ഷം വായുവില്‍ കൂട്ടുന്നു. 24ന് സജീവ രാഷ്ട്രീയത്തില്‍ നിന്നുള്ള വി ഡി സതീശന്റെ വിടവാങ്ങല്‍ പ്രതീക്ഷിക്കാം. 15,000 മുകളില്‍ വോട്ടുകള്‍ക്ക് എല്‍ഡിഎഫ് വിജയിക്കും. കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്ത് പോകുമെന്നും പി സരിന് പറഞ്ഞു.
അതേസമയം വിവാദങ്ങള്‍ക്കിടെ സരിനായി വോട്ട് തേടാന്‍ ഇ പി ജയരാജന് പാലക്കാടേക്ക് പുറപ്പെട്ടു. ആരെന്ത് ശ്രമിച്ചാലും സിപിഐഎമ്മിനെ തോല്‍പ്പിക്കാന്‍ സാധിക്കില്ല, എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ സാധിക്കില്ലെന്ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട പൊതുയോഗത്തില്‍ ഇ പി ജയരാജന് സംസാരിക്കും. വൈകീട്ട് 5 മണിക്കാണ് പൊതുസമ്മേളനം. സ്റ്റേഡിയം ഗ്രൗണ്ടിനോട് ചേര്‍ന്നുള്ള പൊതു വേദിയിലാണ് പരിപാടി.