ക്രിസ്തുമസ് അടുത്തെത്തി കഴിഞ്ഞു. ക്രിസ്തുമസ് എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന ഒന്നാണ് പ്ലം കേക്ക്. ഇത്തവണ പുറത്തു നിന്ന് വാങ്ങുന്നതിന് പകരം അതേ രുചിയില്‍ നല്ല ഒന്നാന്തരം പ്ലം കേക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കിയാലോ.
ആവശ്യമായ ചേരുവകള്‍
ഡ്രൈ ഫ്രൂട്ട്‌സ്
അത്തിപ്പഴം
സ്‌ട്രോബെറി
ഉണക്കമുന്തിരി
റെഡ് ഉണക്കമുന്തിരി
ചെറി
കിവി
ഈന്തപ്പഴ
ക്രാന്‍ബെറി
റ്റിയൂട്ടി ഫ്രൂട്ടി
ഡ്രൈഡ് സ്വീറ്റ് ജിഞ്ചര്‍
റം - ആവശ്യത്തിന് (കുതിര്‍ക്കാന്‍)
(ഒരു കിലോ കേക്ക് തയ്യാറാക്കാന്‍ 200 ഗ്രാം മിക്സഡ് ഡ്രൈ ഫ്രൂട്ട്‌സ് ആവശ്യമാണ്)
കാരമല്‍ സിറപ്പിന്
പഞ്ചസാര - 1/2 കപ്പ്
വെള്ളം - 1 ടേബിള്‍ സ്പൂണ്‍
ചൂടുവെള്ളം - 1/2 കപ്പ്
ഡ്രൈ ഇന്‍ഗ്രേഡിയന്‍സ്
മൈദാ - 200 ഗ്രാം
ബേക്കിങ് പൗഡര്‍ - 1 1/2 ടീസ്പൂണ്‍
ഉപ്പ് - 1/4 ടീസ്പൂണ്‍
മറ്റ് ചേരുവകള്‍
ജാതിപത്രി - 3
കറുവപ്പട്ട - 3 ഇഞ്ച് നീളം
ചുക്ക് - 3 ഇഞ്ച് നീളം
മൈദാ - 200 ഗ്രാം
ബേക്കിങ് പൗഡര്‍ - 1 1/2 ടീസ്പൂണ്‍
ബ്രൗണ്‍ ഷുഗര്‍ - 125 ഗ്രാം (നന്നായി പൊടിച്ചത്)
ബട്ടര്‍ - 200 ഗ്രാം (ഉപ്പില്ലാത്തത്)
മുട്ട - 4 എണ്ണം
നാരങ്ങാ നീര് - 1 ടീസ്പൂണ്‍
വാനില എസന്‍സ് - 1/2 ടീസ്പൂണ്‍
ഡ്രൈ ഫ്രൂട്ട്‌സ് തയ്യാറാക്കുന്ന വിധം
ഡ്രൈ ഫ്രൂട്ട്‌സ് എല്ലാം ചെറുതായി കട്ട് ചെയ്ത് ഒരു ചില്ലു ഭരണിയില്‍ ഇടുക. ഇതിലേക്ക് റം ഒഴിച്ച് അടച്ചതിന് ശേഷം നന്നായി കുലുക്കി യോജിപ്പിക്കുക. കുറഞ്ഞത് ഒരാഴ്ചയെങ്കിലും ഇത് കുതിര്‍ക്കാനായി വയ്ക്കുക. രണ്ട് ദിവസം കൂടുമ്പോള്‍ ഇടയ്ക്കിടയ്ക്ക് ഭരണി കുലുക്കി കൊടുക്കുക. എല്ലാ ഫ്രൂട്ട്‌സിലും റം നല്ലപോലെ യോജിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
കേക്ക് തയ്യാറാക്കുന്ന വിധം
കേക്ക് തയ്യാറാക്കുന്നതിനായി ആദ്യം ഒരു പാന്‍ അടുപ്പില്‍ വച്ച് ചൂടാക്കി അരകപ്പ് പഞ്ചസാരയും ഒരു ടേബിള്‍ സ്പൂണ്‍ വെള്ളവും ചേര്‍ത്ത് കാരമലൈസ് ചെയ്‌തെടുക്കുക. ഇതിലേക്ക് ഒരു പത്ത് സെക്കന്റ് ഇടവിട്ട് ചൂടുവെള്ളം രണ്ടു തവണയായി ഒഴിക്കുക. ഒരു മിനിറ്റ് നേരം കൂടി തിളപ്പിച്ചതിന് ശേഷം അടുപ്പില്‍ നിന്ന് മാറ്റി തണുക്കാനായി വയ്ക്കാം. ജാതിപത്രി, കറുവപ്പട്ട, ചുക്ക് എന്നിവ ഒരു മിക്സി ജാറിലേക്കിട്ട് നന്നായി പൊടിച്ചെടുക്കുക. നേരത്തെ റമ്മില്‍ ഇട്ടുവച്ച ഡ്രൈ ഫ്രൂട്ട്‌സ് ഒരു ബൗളിലേക്കിടുക. ഇതിലേക്ക് രണ്ടായി കട്ട് ചെയ്ത അണ്ടിപരിപ്പും രണ്ട് ടേബിള്‍ സ്പൂണ്‍ മൈദയും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ശേഷം ഒരു പാത്രത്തില്‍ ഒന്നര കപ്പ് മൈദയും ബേക്കിങ് പൗഡറും ചേര്‍ത്ത് വിസ്‌ക് ഉപയോഗിച്ച് മിക്സ് ചെയ്ത് മാറ്റിവെയ്ക്കുക. ശേഷം മറ്റൊരു ബൗളില്‍ 200 ഗ്രാം ഉപ്പില്ലാത്ത ബട്ടര്‍ ഇട്ട് ബീറ്റര്‍ ഉപയോഗിച്ച് ലോ സ്പീഡില്‍ ഒരു മിനുട്ട് നേരം ബീറ്റ് ചെയ്യുക. ഇതിലേക്ക് ബ്രൗണ്‍ ഷുഗര്‍ ചേര്‍ത്ത് രണ്ട് മിനുട്ട് നേരം വീണ്ടും ബീറ്റ് ചെയ്യുക. 4 മുട്ട ഒരു മിനിറ്റ് ഇടവിട്ട് ഓരോന്നായി ബീറ്റ് ചെയ്‌തെടുക്കുക. ശേഷം നാരങ്ങാ നീര്, വാനില എസന്‍സ്, ഉപ്പ്, രണ്ട് ടീസ്പൂണ്‍ ചുക്ക്, ജാതിപത്രി, കറുപ്പട്ട എന്നിവയുടെ മിക്സ്, പഞ്ചസാര ലായനി എന്നിവ ചേര്‍ത്ത് രണ്ട് മിനുട്ട് ബീറ്റ് ചെയ്യുക. ഇതിലേക്ക് നേരത്തെ മാറ്റി വച്ചിരിക്കുന്ന മൈദാ കൂടി ചേര്‍ത്ത് വിസ്‌ക് ഉപയോഗിച്ച് ഇളക്കി യോജിപ്പിക്കുക. ഡ്രൈ ഫ്രൂട്ട്‌സ് ചേര്‍ത്ത് പതിയെ മിക്സ് ചെയ്യുക.
ബേക്കിങ് പാനില്‍ ബട്ടര്‍ പുരട്ടി ബട്ടര്‍ പേര്‍ വച്ച ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന മിക്സ് ഒഴിക്കുക. ഇത് ലെവല്‍ ചെയ്ത് കൊടുക്കാം. ആവശ്യമെങ്കില്‍ മുകളില്‍ അല്‍പ്പം ഡ്രൈ ഫ്രൂട്ട്‌സ് വിതറാം. എയര്‍ കുടുങ്ങാതിരിക്കാന്‍ രണ്ടുമൂന്ന് തവണ ടാപ്പ് ചെയ്യുക. ശേഷം ഓവനിലോ അല്ലാതായോ ബേക്ക് ചെയ്‌തെടുക്കാം. 45 മിനിറ്റ് നേരം കുറഞ്ഞ ചൂടില്‍ ബേക്ക് ചെയ്തതിന് ശേഷം ഒരു ടൂത്ത്പിക് ഉപയോഗിച്ച് വേവ് നോക്കുക. ടൂത്ത്പിക്കില്‍ മാവ് ഒട്ടിപിടിക്കുന്നുണ്ടെങ്കില്‍ കുറഞ്ഞ ചൂടില്‍ വീണ്ടും ഒരു 10 മിനുട്ട് ബേക്ക് ചെയ്‌തെടുക്കുക. ബേക്കായ കേക്ക് രണ്ടര മണിക്കൂറില്‍ കൂടുതല്‍ തണുക്കാനായി വയ്ക്കുക. ശേഷം ഇതിന്റെ മുകളില്‍ അല്‍പം റം തടവി വായു കടക്കാത്ത രീതിയില്‍ പൊതിഞ്ഞു വയ്ക്കുക. രണ്ട് ദിവസത്തിന് ശേഷം മുറിച്ചെടുത്ത് കഴിക്കാം.