വിവാദ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലില്‍ വിഐപി പരിഗണന നല്‍കിയ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. ജയിലിനുള്ളില്‍ സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയ സംഭവത്തില്‍ മദ്ധ്യമേഖല ജയില്‍ ഡിഐജി അജയകുമാര്‍, സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെയാണ് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.
ജയില്‍ ഡിഐജി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന് പിന്നാലെയാണ് നടപടിയുണ്ടായിരിക്കുന്നത്. കാക്കനാട് ജില്ലാ ജയിലില്‍ കഴിയവെ ബോബി ചെമ്മണ്ണൂരിനെ കാണാന്‍ വിഐപികള്‍ എത്തിയതും ഇയാള്‍ക്ക് മറ്റ് ചില സൗകര്യങ്ങളും ലഭ്യമായതും നേരത്തെ വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
രജിസ്റ്ററില്‍ പേര് രേഖപ്പെടുത്താതെ ഒരു തൃശൂര്‍ സ്വദേശി ഉള്‍പ്പെടെ മൂന്ന് പേര്‍ ബോബി ചെമ്മണ്ണൂരിനെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഒരു മണിക്കൂറോളം ഇവര്‍ ബോബിയുമായി കൂട്ടിക്കാഴ്ച നടത്തിയിരുന്നു. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചിരുന്നു.