ഭാര്യയെ കൊന്ന് പല കഷ്ണങ്ങളാക്കി കുക്കറിലിട്ടു വേവിച്ച മുന്‍ സൈനികന്‍ അറസ്റ്റില്‍. ഹൈദരാബാദിലെ പ്രതിരോധ ഗവേഷണ കേന്ദ്രത്തിലെ താല്‍ക്കാലിക സുരക്ഷാ ജീവനക്കാരനാണ് പല കഷ്ണങ്ങളാക്കി നുറുക്കിയ ഭാര്യയുടെ മൃതദേഹം കുക്കറിലിട്ടുവേവിച്ച് കായലില്‍ തള്ളിയത്.
13 വര്‍ഷം കൂടെ താമസിച്ച സ്വന്തം മക്കളുടെ അമ്മയായ സ്ത്രീയെ അടിച്ചുകൊല്ലുക. പിടിക്കപെടാതിരിക്കാന്‍ മൃതദേഹം പലകഷ്ണങ്ങളായി മുറിക്കുക. മൂന്നു ദിവസമെടുത്തു കുക്കറിലിട്ടു വേവിച്ച് എല്ലും മാംസവും വേര്‍പ്പെടുത്തി കായലില്‍ തള്ളുക. കേള്‍ക്കുമ്പോള്‍ തന്നെ പേടിപ്പെടുത്തുന്ന ക്രൂരതയാണ് ആന്ധ്രപ്രദേശ് പ്രകാശം സ്വദേശിയായ ഗുരുമൂര്‍ത്തി ചെയ്തു കൂട്ടിയത്. ഇയാളുടെ ഭാര്യ വെങ്കടമാധവിയെ കാണാനില്ലെന്നു കഴിഞ്ഞ പതിനെട്ടിനാണ് പൊലീസിന് പരാതി കിട്ടുന്നത്.
കാഞ്ചന്‍ബാഗിലെ ഡിആര്‍ഡിഒ കേന്ദ്രത്തിലെ താല്‍ക്കാലിക സുരക്ഷാ ജീവനക്കാരനായ ഗുരുമൂര്‍ത്തിയും ഭാര്യയും രണ്ടുമക്കളും ഹൈദരാബാദ് മീര്‍പേട്ടിലായിരുന്നു താമസിച്ചിരുന്നത്. വാക്കുതര്‍ക്കത്തെ തുടര്‍ന്നു വീടുവിട്ടുപോയെന്നായിരുന്നു ഗുരുമൂര്‍ത്തിയുടെ വാദം. സംശയം തോന്നി വിശദമായി ചോദ്യം ചെയ്തപ്പോഴായിരുന്നു ക്രൂരതയുടെ അങ്ങേയറ്റമായ കൊല പുറത്തായത്.
മകര സംക്രാന്തി ആഘോഷത്തിനായി ആന്ധ്രപ്രദേശിലെ സ്വന്തം വീട്ടിലേക്ക് പോകണമെന്ന മാധവിയുടെ ആവശ്യമാണ് തര്‍ക്കവും കൊലയിലേക്കും എത്തിയതെന്നും പൊലീസ് കണ്ടെത്തി. ശരീര ഭാഗങ്ങള്‍ വേവിച്ച ശേഷം എല്ലും മാംസവും വേര്‍പ്പെടുത്തിയെന്നും എല്ലുകള്‍ ഉലക്ക കൊണ്ടിടിച്ചു പൊടിച്ചെടുത്താണ് കായലില്‍ തള്ളിയതെന്നുമാണ് ഇയാളുടെ മൊഴി.