അജിത് - മഗിഴ് തിരുമേനി ചിത്രം 'വിടാമുയര്‍ച്ചി' തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു അജിത് ചിത്രം തിയേറ്ററുകളിലെത്തുന്നത് എന്നതിനാല്‍ തന്നെ സിനിമയുടെ മേല്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്ക് ഉണ്ടായിരുന്നത്. സമ്മിശ്ര പ്രതികരണം സ്വന്തമാക്കിയ സിനിമ 100 കോടി ക്ലബില്‍ ഇടം നേടിയിരിക്കുകയാണ്. നാല് ദിവസങ്ങള്‍ കൊണ്ടാണ് സിനിമയുടെ ഈ നേട്ടം.
സിനിമയുടെ തമിഴ് പതിപ്പ് ഇതിനകം 60.28 കോടിയാണ് നേടിയത്. വിദേശ മാര്‍ക്കറ്റില്‍ 32.3 കോടി രൂപയും ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 71.62 കോടിയുമാണ് സിനിമയുടെ ഇതുവരെയുള്ള കളക്ഷന്‍. അങ്ങനെ ആഗോളതലത്തില്‍ സിനിമ 103.92 കോടി നേടിയതായാണ് സാക്‌നില്‍ക്കിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. സിനിമയുടെ ബജറ്റ് 200 കോടിക്ക് മുകളിലായതിനാല്‍ വിടാമുയര്‍ച്ചി ബോക്‌സ് ഓഫീസ് വിജയമാകുന്നതിന് ഇനിയും കളക്ഷന്‍ ആവശ്യമാണ്. എന്നാല്‍ സിനിമയുടെ കളക്ഷനിലുണ്ടായ ഇടിവ് ബ്രേക്ക് ഈവന്‍ ആകുന്നതിനെ ബാധിച്ചേക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.