'മാര്‍ക്കോ' സിനിമ കാണാനുള്ള മനശക്തി തനിക്കില്ലെന്ന് നടി മെറിന്‍ ഫിലിപ്പ്. ചിത്രത്തിലെ വയലന്‍സിനെതിരെ ചര്‍ച്ചകള്‍ മുറുകുന്നതിനിടെയാണ് മെറിന്റെ പ്രതികരണം എത്തിയിരിക്കുന്നത്. സൂക്ഷ്മദര്‍ശിനി എന്ന സിനിമയിലൂടെയാണ് മെറിന്‍ ഏറെ ശ്രദ്ധ നേടുന്നത്. സൂക്ഷ്മദര്‍ശിനിയുമായി താരതമ്യപ്പെടുത്തുന്നതിനിടെയാണ് മാര്‍ക്കോ കാണാനുള്ള ശക്തി തനിക്കില്ലെന്ന് മെറിന്‍ അഭിപ്രായപ്പെട്ടത്.
''സൂക്ഷ്മദര്‍ശിനി ഇഷ്ടമാകാത്തവര്‍ ഉണ്ട്. പക്ഷെ ഫാമിലിക്ക് ഈ സിനിമ ക്ലിക്ക് ആയതുകൊണ്ടാണ് ഹിറ്റായത്. നമ്മുടെ കേരളത്തില്‍ ഫാമിലി കൂടുതല്‍ ഉള്ളത്കൊണ്ട് അത്രയും പ്രേക്ഷകര്‍ ആ സിനിമ കണ്ടു.''
''ഇപ്പോഴും മാര്‍ക്കോ കാണാനുള്ള മനശക്തി എനിക്ക് ഇതുവരെ ആയിട്ടില്ല. ടെക്‌നിക്കലി ആണെങ്കിലും മേക്കിങ് ആണെങ്കിലും ടോപ് ആയി നില്‍ക്കുന്ന സിനിമയാണത്. പക്ഷേ, ഓഡിയന്‍സ് നോക്കുമ്പോള്‍ യുവാക്കളാണ് ആ സിനിമ കൂടുതല്‍ കാണുക. ഫാമിലി ഓഡിയന്‍സ് ആ സിനിമയിലേക്ക് കയറില്ല'' എന്നാണ് മെറിന്‍ ഫിലിപ്പ് പറയുന്നത്.
അതേസമയം, മലയാളത്തിലെ മോസ്റ്റ് വയലന്റ് പടം എന്ന വിശേഷണത്തോടെയാണ് മാര്‍ക്കോ തിയേറ്ററുകളില്‍ എത്തിയത്. ചിത്രത്തിലെ വയലന്‍സ് കാഴ്ചക്കാരെ മോശമായി ബാധിക്കുന്നുണ്ടെന്ന തരത്തിലുള്ള പ്രസ്താവനകള്‍ നേരത്തെ മുതലുണ്ടായിരുന്നു. ചിത്രത്തിന്റെ ടെലിവിഷന്‍ പ്രീമിയറിന് സെന്‍സര്‍ ബോര്‍ഡ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.