ഈ വര്‍ഷത്തെ ദുരന്ത ചിത്രങ്ങളില്‍ ഒന്നാണ് ശങ്കര്‍-രാം ചരണ്‍ ചിത്രം 'ഗെയിം ചേഞ്ചര്‍'. ശങ്കറിന്റെ തെലുങ്ക് ചിത്രം കൂടിയായിരുന്നു ഗെയിം ചേഞ്ചര്‍. ചിത്രത്തിലെ തന്റെ ഭാഗങ്ങളെല്ലാം വെട്ടിക്കളഞ്ഞു എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് തെലുങ്ക് നടന്‍ പ്രിയദര്‍ശി ഇപ്പോള്‍. 25 ദിവസത്തോളം ചിത്രത്തില്‍ അഭിനയിച്ചെങ്കിലും സിനിമയില്‍ രണ്ട് മിനിറ്റ് പോലും തന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നാണ് പ്രിയദര്‍ശി പറയുന്നത്.
'ഞാന്‍ ഗെയിം ചേഞ്ചറില്‍ ഒരുപാട് സീനുകള്‍ ചെയ്തിരുന്നു. എല്ലാം എഡിറ്റില്‍ പോയി. 25 ദിവസം ഞാന്‍ സിനിമയില്‍ വര്‍ക്ക് ചെയ്തു. രണ്ടു മിനിറ്റ് പോലും സിനിമയില്‍ ഇല്ലായിരുന്നു. സിനിമയിലെ എന്റെ കഥാപാത്രം ചെറുതാണെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. പക്ഷേ ശങ്കര്‍ സാറിനും രാം ചരണിനും തിരുസാറിനും ഒപ്പം വര്‍ക്ക് ചെയ്യുക എന്നത് എന്റെ ആഗ്രഹമായിരുന്നു.'
'അതുകൊണ്ടാണ് ആ സിനിമയില്‍ ജോയിന്‍ ചെയ്തത്. എനിക്ക് ആ സിനിമയോട് ഒരു പ്രശ്നവുമില്ല. കാരണം ഞാന്‍ ആ സിനിമയില്‍ പോയതെന്തിനെന്ന് എനിക്ക് നല്ല ക്ലാരിറ്റി ഉണ്ട്'' എന്നാണ് പ്രിയദര്‍ശി പറയുന്നത്. അതേസമയം, 450 കോടി രൂപ ബജറ്റില്‍ ഒരുക്കിയ ചിത്രം 185.5 കോടി രൂപയാണ് കഷ്ടിച്ച് നേടിയത്. വന്‍ പരാജയമായി മാറിയ ചിത്രം ആഴ്ചകള്‍ക്കുള്ളില്‍ തന്നെ തിയേറ്റര്‍ വിടുകയും ചെയ്യും.
രാം ചരണ്‍ വിവിധ ഗെറ്റപ്പുകളിലെത്തുന്ന ഗെയിം ചേഞ്ചറില്‍ ഒരു പ്രധാനവേഷത്തില്‍ ജയറാമും അഭിനയിച്ചിരുന്നു. കിയാര അദ്വാനിയാണ് നായികയായെത്തിയത്. അഞ്ജലി, എസ് ജെ സൂര്യ, സുനില്‍, ശ്രീകാന്ത്, സമുദ്രക്കനി, നാസര്‍ തുടങ്ങിയ വലിയ താര നിര സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമയുടെ കഥയും കഥാസന്ദര്‍ഭങ്ങളും വളരെ പഴഞ്ചനാണ് എന്നും ഒരു ക്ലീഷേ കഥയാണ് ഗെയിം ചേഞ്ചറിന്റേത് എന്നുള്ള വിമര്‍ശനങ്ങളാണ് എത്തിയത്.
ആരാധകരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ സിനിമയ്ക്ക് സാധിച്ചില്ല എന്നതാണ് സത്യം. അതിനിടെ ചിത്രം 186 കോടി രൂപ ഓപ്പണിങ് ദിന കളക്ഷന്‍ നേടി എന്ന അണിയറപ്രവര്‍ത്തകരുടെ വാദം പൊളിഞ്ഞതും സിനിമയ്ക്ക് തിരിച്ചടിയായി. ഫിലിം ട്രേഡ് അനലിസ്റ്റുകളാണ് ഈ വാദം പൊളിച്ചത്. 186 കോടി നേടിയെന്ന വ്യാജ കണക്ക് അണിയറപ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുകയായിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ 86 കോടി രൂപ മാത്രമാണ് ചിത്രം കളക്ഷന്‍ നേടിയത്.