മുതിര്‍ന്ന ഹമാസ് നേതാവ് ഇസ്മാഈല്‍ ബര്‍ഹൂമിനെ വധിച്ച് ഇസ്രായേല്‍. ഗസ്സയിലെ നാസര്‍ ആശുപത്രിക്ക് നേരെയുണ്ടായ ബോംബാക്രമണത്തിലാണ് ബര്‍ഹൂം ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടത്. ഗസ്സയിലെ അല്‍-മവാസിയിലെ ഒരു ടെന്റില്‍ ഇസ്രായേല്‍ സൈന്യം ബോംബിട്ട് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗമായ സലാഹ് അല്‍-ബര്‍ദാവിലിനെ കൊലപ്പെടുത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇത്.
ഹമാസ് നേതാവ് ഇസ്മായില്‍ ബര്‍ഹൂം കൊല്ലപ്പെട്ടതായി ഹമാസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. ഗ്രൂപ്പിന്റെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന ബര്‍ഹൂം നാല് ദിവസം മുമ്പ് നടന്ന ഒരു ആക്രമണത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇസ്രായേല്‍ നടത്തിയ ആക്രമണത്തിലാണ് ബര്‍ഹൂം കൊല്ലപ്പെട്ടത്.
ഞായറാഴ്ച രാത്രി തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രിയെ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 2 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ ആശുപത്രിയുടെ വലിയൊരു ഭാഗം തകര്‍ന്നു. ഒരു ഡിപ്പാര്‍ട്ട്മെന്റ് മുഴുവന്‍ ഒഴിപ്പിക്കേണ്ടി വന്നതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം ഞായറാഴ്ച ഖാന്‍ യൂനിസില്‍ ഇസ്രായേല്‍ നടത്തിയ മറ്റൊരു വ്യോമാക്രമണത്തില്‍ മറ്റൊരു ഹമാസ് നേതാവായ സലാഹ് അല്‍-ബര്‍ദവീലും ഭാര്യയും കൊല്ലപ്പെട്ടിരുന്നു. ഖാന്‍ യൂനിസിലും റഫയിലും ഉടനീളമുള്ള ആക്രമണങ്ങളില്‍ കുറഞ്ഞത് 30 പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.