മ്യാന്‍മര്‍ ഭൂകമ്പത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ അഞ്ചാം ദിവസവും തുടരുന്നു. മരിച്ചവരുടെ എണ്ണം 2,056 ആയി. 3,900 പേര്‍ പരുക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 270 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 11 നിലയുള്ള നാല് കെട്ടിടങ്ങള്‍ തകര്‍ന്നുവീണ സ്‌കൈ വില്ല മേഖലയില്‍ സഹായമെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
ഇന്ത്യ ഓപ്പറേഷന്‍ ബ്രഹ്‌മ വഴി മ്യാന്‍മറില്‍ 665 ടണ്‍ അവശ്യസാധനങ്ങള്‍ എത്തിച്ചു. 200 പേരടങ്ങുന്ന ഇന്ത്യന്‍ സൈനിക - മെഡിക്കല്‍ സംഘങ്ങളും മ്യാന്‍മറില്‍ നിലയുറപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളും മ്യാന്‍മറിലുണ്ട്. തായ്ലാന്റ് തലസ്ഥാനമായ ബാങ്കോക്കില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 18 ആയി. 78 പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങികിടക്കുന്നുവെന്നും റിപ്പോര്‍ട്ട്. ഭൂകമ്പബാധിത പ്രദേശങ്ങളില്‍ താല്‍ക്കാലിക ആശുപത്രി ഒരുക്കാനുള്ള നടപടികള്‍ കരസേന ആരംഭിച്ചു. അവശ്യ സാധനങ്ങളുമായി കൂടുതല്‍ കപ്പലുകളും വിമാനങ്ങളും മ്യാന്‍മറിലേക്ക് അയക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.