ആണവ കരാറില്‍ ഒപ്പിടാന്‍ ഇറാന്‍ വിമുഖത തുടര്‍ന്നാല്‍ ബോംബാക്രമണം നടത്തി തകര്‍ത്തുകളയുമെന്ന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബോംബാക്രമണം നടത്തുമെന്നും ഇരട്ട തീരുവയും ഏര്‍പ്പെടുത്തുമെന്നുമാണ് ട്രംപിന്റെ ഭീഷണി. എന്‍ബിസി ന്യൂസിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞയാഴ്ച അമേരിക്കയുമായുളള നേരിട്ടുള്ള ചര്‍ച്ചകള്‍ ഇറാന്‍ നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. എന്നാല്‍ അമേരിക്കയുമായി നേരിട്ടുള്ള ചര്‍ച്ചയ്ക്കില്ലെന്ന് തന്നെയാണ് ഇറാന്റെ നിലപാട്. സൈനിക പ്രത്യാഘാതങ്ങള്‍ നേരിടുമെന്ന ട്രംപിന്റെ മുന്നറിയിപ്പിനെ ഇറാന്‍ തള്ളിയതായും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആണവ പദ്ധതി സംബന്ധിച്ച് ഇറാന്‍ ഒരു കരാറില്‍ എത്തിയില്ലെങ്കില്‍ ബോംബാക്രമണം ഉണ്ടാകും. അവര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ബോംബാക്രമണമായിരിക്കും അത്. നാല് വര്‍ഷം മുമ്പ് ചെയ്തതുപോലെ അവര്‍ക്ക് മേല്‍ ഇരട്ട നികുതി ചുമത്തുമെന്നും ട്രംപ് പറഞ്ഞു. 2015 ല്‍ ട്രംപിന്റെ ഭരണ സമയത്ത് ഇറാന്റെ ആണവ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശനമായ പരിധികള്‍ ഏര്‍പ്പെടുത്തിയിരുന്നു.