വിദേശ രാജ്യങ്ങള്‍ക്ക് ഇറക്കുമതി തീരുവകള്‍ പ്രഖ്യാപിച്ച് പ്രസിഡന്റ് ട്രംപ്. ഇന്ത്യക്ക് കനത്ത തിരിച്ചടിയാകുന്നതാണ് ട്രംപിന്റെ തീരുമാനം. 26 ശതമാനം തീരുവയാണ് ഇന്ത്യക്ക് മേല്‍ ചുമത്തിയത്. അമേരിക്കയില്‍ എത്തുന്ന എല്ലാ ഉല്പന്നങ്ങള്‍ക്കും 10 ശതമാനം തീരുവ ചുമത്തി. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്ക് കൂടുതല്‍ നികുതി ചുമത്തി. അതേസമയം 10 ശതമാനമുള്ള തീരുവ ഏപ്രില്‍ അഞ്ച് മുതലും രാജ്യങ്ങള്‍ക്കുള്ള കൂടിയ തീരുവ ഏപ്രില്‍ ഒന്‍പതിനുമാണ് പ്രാബല്യത്തില്‍ വരിക.
'ഡിസ്‌ക്കൗണ്ടുള്ള പകരചുങ്കം' എന്ന് പറഞ്ഞാണ് ഇന്ത്യക്ക് മേല്‍ 26 ശതമാനം തീരുവ ചുമത്തിയിരിക്കുന്നത്. ചൈനയ്ക്ക് 34 ശതമാനവും ഇറക്കുമതി തീരുവ ഈടാക്കും. യൂറോപ്യന്‍ യൂണിയന് 20 ശതമാനം തീരുവയും യുകെയ്ക്ക് പത്ത് ശതമാനവുമാണ് തീരുവ. ജപ്പാനാകാട്ടെ 24 ശതമാനമാണ് തീരുവ. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കുമുള്ള 10 ശതമാനം ഇറക്കുമതി തീരുവയ്ക്ക് പുറമേയാണ് ഈ നിരക്ക്. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അന്യായ ഇറക്കുമതിതീരുവ ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ തിരിച്ചടിത്തീരുവ പ്രഖ്യാപിച്ചത്.
ഇന്ത്യന്‍ പ്രധാനമന്ത്രി കുറച്ച് നാളുകള്‍ക്ക് മുമ്പ് തന്നെ സന്ദര്‍ശിച്ചുവെന്നും അദ്ദേഹം എന്റെ പ്രിയപ്പെട്ട സുഹൃത്താണെന്നും ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ 52 ശതമാനം തീരുവയാണ് അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്നതെന്നും അതുകൊണ്ട് ഇന്ത്യക്ക് മേല്‍ 26 ശതമാനം തീരുവ ചുമത്തുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍നിന്നുള്ള അലുമിനിയം, സ്റ്റീല്‍, ഓട്ടമൊബീല്‍ ഇറക്കുമതിക്ക് ഇതിനകം യുഎസ് അധിക തീരുവ ചുമത്തിയിട്ടുണ്ട്.