ആഗോള പ്രവാസി മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ സംഘടനാ കൂട്ടായ്മയായ യുക്മ ( യൂണിയന്‍ ഓഫ് യു കെ മലയാളി അസോസിയേഷന്‍സ്) പുതിയ ദേശീയ ഭാരവാഹികളുടെ നേതൃത്വത്തില്‍ അടുത്ത രണ്ട് വര്‍ഷങ്ങളിലെ കര്‍മ്മപദ്ധതികള്‍ ആസൂത്രണം ചെയ്തു മുന്നോട്ടുള്ള പ്രയാണം ആരംഭിക്കുകയാണ്. 2027 ഫെബ്രുവരി വരെയുള്ള രണ്ട് വര്‍ഷക്കാലമാണ് പുതിയ ഭരണസമിതിയുടെ കാലാവധി.2009 ജൂലൈ 4 ന് സ്ഥാപിതമായ യുക്മ ഇന്ന് 144 പ്രാദേശിക മലയാളി അസോസിയേഷനുകളുടെ അംഗത്വവുമായി ലോക മലയാളികള്‍ക്കിടയില്‍ തലയെടുപ്പോടെ നില്‍ക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തി, ഒരു പുതിയ നേതൃനിര രൂപപ്പെടുത്തി രണ്ട് വര്‍ഷക്കാലം സംഘടനയെ മുന്നോട്ടു നയിക്കുകയെന്ന ശ്രമകരവും ഏറെ അഭിമാനകരവുമായ ചുമതലയാണ് പുതിയ ഭാരവാഹികള്‍ ഏറ്റെടുത്തിരിക്കുന്നത്.
യുക്മ ദേശീയ ഭാരവാഹികള്‍, ദേശീയ സമിതി അംഗങ്ങള്‍, റീജണല്‍ ഭാരവാഹികള്‍, യുക്മയുടെ വിവിധ പോഷക സംഘടനാ ഭാരവാഹികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയുള്ള പ്രത്യേക നേതൃയോഗം ഏപ്രില്‍ 5 ശനിയാഴ്ച ബര്‍മിംങ്ഹാം വാല്‍സാളിലെ റോയല്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ചേരുന്നു. പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയുടെ പുതിയ ഭരണ സമിതി നേതൃത്വം ഏറ്റെടുത്ത ശേഷമുള്ള ആദ്യ ചുവട് വെയ്പ്പാണ് ഈ നേതൃയോഗം.
യുക്മ റീജിയണല്‍ നാഷണല്‍ ഭാരവാഹികളുടെ സംഗമവേദിയാകുന്ന വാല്‍സാളിലെ റോയല്‍ ഹോട്ടലില്‍ രാവിലെ ഒന്‍പതരയോടെ നടക്കുന്ന ദേശീയ സമിതി യോഗത്തിന് ശേഷം പതിനൊന്ന് മണിയോടെയാകും നേതൃയോഗം ആരംഭിക്കുക. പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ രണ്ടു വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കും. വിവിധ റീജിയണല്‍ ഭാരവാഹികളും, പോഷക സംഘടനാ നേതാക്കളും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിവരിക്കും.
പ്രവര്‍ത്തന മികവിന്റെ പതിനഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി പതിനാറാമത് വര്‍ഷത്തിലേക്ക് കടക്കുവാനൊരുങ്ങുന്ന യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ യു കെ മലയാളികള്‍ക്ക് കൂടുതല്‍ പ്രയോജനകരമാവുന്ന വിധത്തില്‍ രൂപം കൊടുക്കുവാനുള്ള ശ്രമത്തിലാണ് പുതിയ ദേശീയ, റീജിയണല്‍ നേതൃത്വങ്ങള്‍. യുക്മ രൂപീകൃതമായ കാലം മുതല്‍ സംഘടിപ്പിച്ച് വരുന്ന കലാമേള, കായികമേള, 2017 മുതല്‍ നടത്തി വരുന്ന കേരള പൂരം വള്ളംകളി, യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ യു കെ മലയാളി സമൂഹത്തിനും, ജന്മനാടിനും പ്രയോജനകരമാകുന്ന വിധത്തിലുള്ള പദ്ധതികള്‍, യുക്മ യൂത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കന്‍മാര്‍ക്ക് പുത്തന്‍ ദിശാബോധവും ജീവിത വിജയത്തിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നിവക്ക് പുറമെ കൂടുതല്‍ വൈവിധ്യമാര്‍ന്ന മറ്റ് പരിപാടികള്‍ സംഘടിപ്പിക്കുന്നതുള്‍പ്പടെ നിരവധി കാര്യങ്ങളാണ് പുതിയ ദേശീയ നേതൃത്വം റീജിയണല്‍ കമ്മിറ്റികളുടെ സഹകരണത്തോട് കൂടി നടപ്പിലാക്കുവാന്‍ ഒരുങ്ങുന്നത്.
ഭാവിപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് ആസൂത്രണം ചെയ്യുന്നതിനൊപ്പം തന്നെ പുതിയ ആശയങ്ങളും അഭിപ്രായങ്ങളും സ്വരൂപിക്കുന്നതിനുള്ള പ്രധാന മാര്‍ഗ്ഗമാണ് നേതൃയോഗം കൊണ്ടുദ്ദേശിക്കുന്നതെന്ന് സെക്രട്ടറി ജയകുമാര്‍ നായര്‍ പറഞ്ഞു. വിവിധ സെഷനുകളായി നടക്കുന്ന നേതൃയോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ വാല്‍സാളിലെ റോയല്‍ ഹോട്ടലില്‍ ഒരുക്കിയതായി ട്രഷറര്‍ ഷീജോ വര്‍ഗ്ഗീസ് അറിയിച്ചു.
യുക്മയുടെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള കര്‍മ്മ പരിപാടികളുടെ രൂപരേഖ തയ്യാറാക്കുന്നതിന് വേണ്ടി ചേരുന്ന ഈ സുപ്രധാന യോഗത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ എന്നിവര്‍ അറിയിച്ചു.
നേതൃയോഗം നടക്കുന്ന സ്ഥലത്തിന്റെ വിലാസം:-
The Royal Hotel
Ablewell Street
Walsall
WS1 2EL
കുര്യന്‍ ജോര്‍ജ്
(നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍