ഗാര്‍ഹിക പീഡന പരാതിയിലുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ഹന്‍സിക മോട്വാനി കോടതിയില്‍. സഹോദര ഭാര്യ നല്‍കിയ പരാതിയിന്‍ മേലുള്ള നടപടികള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് നടി ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ഹന്‍സികയുടെ സഹോദരന്റെ ഭാര്യയും ടെലിവിഷന്‍ താരവുമായിരുന്ന മുസ്‌കാന്‍ നാന്‍സി ജെയിംസാണ് നടിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇതില്‍ കഴമ്പുണ്ടെന്ന് മനസിലാക്കിയ പൊലീസ് പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ക്രൂരത,ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്.
മുസ്‌കാനും ഹന്‍സികയുടെ സഹോദരന്‍ പ്രശാന്തും 2020ലാണ് വിവാഹിതരാവുന്നത്. 2022ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. തുടര്‍ന്നാണ്ഗാര്‍ഹിക പീഡനമടക്കം ആരോപിച്ച് പ്രശാന്തിനും ഹന്‍സികയ്ക്കും അമ്മ മോണ മോട്വാനിക്കും എതിരെ മുസ്‌കാന്‍ പൊലീസിനെ സമീപിച്ചത്. ഇതിന്റെ ഫലമായി തനിക്ക് ബെല്‍സ് പാള്‍സി അസുഖത്തെ നേരിടേണ്ടി വന്നുവെന്നും സ്വത്തിന്റെ പേരില്‍ തര്‍ക്കങ്ങളുണ്ടായതെന്നും അവര്‍ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. പ്രശാന്തിനും കുടുംബത്തിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താന്‍ കഴിയില്ലെന്നും മുസ്‌കാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ഹന്‍സികയും അമ്മയും തന്റെ കുടുംബജീവിതത്തില്‍ ഇടപെട്ടുവെന്നും ഉപദ്രവിച്ചുവെന്നും മുസ്‌കാന്‍ പരാതിയില്‍ വ്യക്തമാക്കി. ഐപിസി വകുപ്പ് 498എ പ്രകാരം റജിസറ്റര്‍ ചെയ്തിരിക്കുന്ന കേസിന്റെ വാദം ജൂലൈ മൂന്നിനാണ് കോടതി കേള്‍ക്കുന്നത്. എന്നാല്‍, തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാന വിരുദ്ധമാണെന്നും സഹോദരനും ഭാര്യയും തമ്മിലുള്ള വിവാഹ ബന്ധത്തിലെ വിള്ളലുകളിലേക്ക് തന്നെ വലിച്ചിഴക്കുകയാണെന്നും ഹന്‍സിക സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. പ്രശാന്തും മുസ്‌കാനും തമ്മില്‍ വിവാഹമോചന കേസിന് ബലമേകാനാണ് തന്നെ ഇതിലേക്ക് വലിച്ചിഴക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.
എഫ്ഐആറില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നാണ് ഹന്‍സിക പറയുന്നത്. വീട്ടിലുണ്ടായ ചെറിയ പ്രശ്നങ്ങളെ ക്രിമിനല്‍ കുറ്റമെന്ന തരത്തില്‍ വളച്ചൊടിക്കുകയാണെന്നും ഇരുവരുടെയും വിവാഹച്ചെലവിനായി കടം വാങ്ങിയ 27 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനുള്ള പ്രതികാരമായാണ് കേസ് നല്‍കിയതെന്നുമാണ് ഹന്‍സിക പറയുന്നത്.
2022 ഡിസംബറിലായിരുന്നു ഹന്‍സികയുടെ വിവാഹം. ബിസിനസ് പങ്കാളിയായ സൊഹൈല്‍ ഖതൂരിയെയാണ് ഹന്‍സിക ജീവിത പങ്കാളി.