സുരേഷ് ഗോപിയെ നായകനാക്കി ശ്രീ ഗോകുലം മൂവീസ് നിര്‍മ്മിക്കുന്ന ഒറ്റക്കൊമ്പന്‍ സിനിമയുടെ ചിത്രീകരണം വിഷുവിന് ശേഷം പുനരാരംഭിക്കും. ഏപ്രില്‍ ഏഴിന് ചിത്രീകരണം തുടങ്ങാന്‍ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ കേന്ദ്ര മന്ത്രി കൂടിയായ സുരേഷ് ഗോപിയുടെ ഔദ്യോ?ഗിക തിരക്കുകള്‍ കൂടി പരിഗണിച്ചാണ് ചിത്രീകരണം മാറ്റിവെച്ചത്. തിങ്കളാഴ്ച ഇന്ത്യയിലെത്തുന്ന ദുബായ് കിരീടാവകാശിയെ സ്വീകരിക്കാനുള്ള ചുമതല സുരേഷ് ?ഗോപിക്കാണ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രധാനമന്ത്രിയുടെ ഡെവലപ്പമെന്റ് ഓഫ് ദി നോര്‍ത്ത് ഈസ്റ്റ് റീജിയണ്‍ പദ്ധതി, പെട്രോളിയം മിനിസ്ട്രിയുടെ ബ്രെയിന്‍ സ്റ്റോര്‍മിങ് സെഷന്‍ എന്നിവയിലും കേന്ദ്രമന്ത്രിക്ക് പങ്കെടുക്കേണ്ടതുണ്ട്. ഇതോടെയാണ് ഒറ്റക്കൊമ്പന്റെ ചിത്രീകരണം വിഷുവിന് ശേഷം ഏപ്രില്‍ 15ന് തുടങ്ങാന്‍ തീരുമാനിച്ചത്.
ബിഗ് ബജറ്റില്‍ ഒരുക്കുന്ന ഒറ്റക്കൊമ്പന്‍ അതിന്റെ ഏറ്റവും മികച്ച രീതിയില്‍, വലിപ്പത്തില്‍ പ്രേക്ഷകരിലേക്ക് എത്തുന്നതായിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. 'പ്രേക്ഷകര്‍ എന്നും പ്രതീക്ഷ അര്‍പ്പിച്ച ചിത്രങ്ങള്‍ വെള്ളിത്തിരയില്‍ എത്തിക്കുക എന്നത് ശ്രീ ഗോകുലം മൂവീസ് മലയാള സിനിമയെ സ്‌നേഹിക്കുന്ന എല്ലാ മലയാളികളോടും നല്‍കിയിട്ടുളള വാക്കാണ്.... അത് ഏത് പ്രതിബന്ധങ്ങളെ അതിജീവിച്ചിട്ടായാലും' - ശ്രീഗോകുലം മൂവീസ് വ്യക്തമാക്കി.