എമ്പുരാന്‍' നല്ല സിനിമയല്ലെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്ന് സംവിധായകന്‍ മേജര്‍ രവി. സിനിമ മോശമാണെന്ന് താന്‍ പറഞ്ഞിട്ടില്ല. എന്നാല്‍ ചിത്രത്തില്‍ ദേശവിരുദ്ധത ഉണ്ട്. സത്യാവസ്ഥ മറച്ചുപിടിച്ചിരിക്കുകയാണ്. വിവാദത്തില്‍ പൃഥ്വിരാജിനെ ഒറ്റപ്പെടുത്തിയിട്ടില്ല. മല്ലിക സുകുമാരന്‍ പറഞ്ഞത് ഒരു അമ്മയുടെ വികാരമാണ്. മോഹന്‍ലാലിന്റെ പ്രീതി നേടേണ്ട ആവശ്യം തനിക്കില്ല. ലാല്‍ മരിക്കുന്നത് വരെ തനിക്ക് കടപ്പാടുണ്ട് എന്നാണ് മേജര്‍ രവി മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.
മേജര്‍ രവിയുടെ വാക്കുകള്‍:
മല്ലിക ചേച്ചി പറഞ്ഞു, ഞാന്‍ ചേച്ചിടെ മോനെ ഒറ്റപ്പെടുത്തി, പടം നല്ലതല്ലെന്ന് പറഞ്ഞുവെന്ന്. ഞാന്‍ എവിടെയാണ് പടം നല്ലതല്ലെന്ന് പറഞ്ഞിട്ടുള്ളത്? പടം ഇറങ്ങിയ സമയത്ത് ഞാന്‍ പറഞ്ഞു, യെസ് ടെക്നിക്കലി ഇതൊരു ഫന്റാസ്റ്റിക് ഫിലിം ആണെന്ന്. ഇപ്പോഴും ഞാന്‍ അതില്‍ തന്നെ നില്‍ക്കുന്നു. പിന്നെ രാജ്യദ്രോഹപരമായിട്ടുള്ള കാര്യങ്ങളുണ്ട് എന്നുള്ളത് ഞാന്‍ ഇപ്പോഴും പറയുന്നു, അപ്പോഴും പറയുന്നു. അന്ന് പറഞ്ഞില്ല, കാരണം നമ്മളെ പോലുള്ള ഒരാള്‍ പടം കഴിഞ്ഞ് ഇറങ്ങി വരുമ്പോള്‍ ആദ്യം ഇത് വല്ലതും പറഞ്ഞ് കഴിഞ്ഞാല്‍ നെഗറ്റിവിറ്റിയാണ്. അപ്പോള്‍ ഞാനായിട്ട് ഒരു ഇനിഷ്യേറ്റീവും എടുക്കണ്ട, ഞാനായിട്ട് ഒരു സംഭവും ട്രിഗര്‍ ചെയ്യണ്ട എന്ന് കരുതി. പക്ഷെ ജനങ്ങള്‍ ഇളകിയപ്പോള്‍, ഇപ്പോഴും ഞാന്‍ അതിനെ കുറിച്ച് അധികം പറഞ്ഞിട്ടില്ല. ഞാന്‍ എവിടെയാണ് പറഞ്ഞത് പടം കൊള്ളൂല്ലാന്ന്.
മോഹന്‍ലാലിന്റെ പ്രീതി നേടേണ്ട ആവശ്യം എനിക്കില്ല. 94 മാര്‍ച്ച് 13 തൊട്ടുള്ള ബന്ധമാണ് അത്. പടം ചെയ്താലും അല്ലെങ്കിലും അത് അവിടെ നിക്കും. മരിക്കുന്നത് വരെ അത് പോലെ തന്നെ നിക്കും. ലാല്‍ മരിക്കുന്നത് വരെ എനിക്കൊരു കടപ്പാടുണ്ട്. കാരണം കീര്‍ത്തിചക്ര എന്ന സിനിമ ചെയ്ത് എന്നെ മേജര്‍ രവി ആക്കിയത് മോഹന്‍ലാല്‍ ആണ്. അത് ഈ ആന്റണി പെരുമ്പാവൂര്‍ ഒന്നും പ്രൊഡ്യൂസ് ചെയ്തിട്ടില്ല. പ്രൊഡ്യൂസ് ചെയ്തത് ആര്‍ബി ചൗധരി സാറാണ്. എനിക്ക് ആ രണ്ട് പേരോടും മാത്രമേ കടപ്പാടുള്ളു. അതുകൊണ്ട് ആര് എന്ത് പറയുന്നു എന്നതില്‍ എനിക്ക് അലട്ടല്‍ ഇല്ല.
ഒരു പടം കണ്ട് ഇറങ്ങി വരുമ്പോള്‍ എനിക്ക് നെഗറ്റീവ് പറയാന്‍ പറ്റില്ല. അതില്‍ ക്രൈസ്തവര്‍ക്ക് എതിരെ എന്നുള്ളതല്ല, സത്യാവസ്ഥകളെ മറച്ചു പിടിച്ച് കൊണ്ട് പലതും പകുതിക്ക് കൊണ്ട് വന്നിട്ട് ഒരു ഫിക്ഷന്‍ ഉണ്ടാക്കിയതല്ല, അതാണ് ജനങ്ങള്‍ ഇളകി സംസാരിക്കുന്നത്. ആ പ്രശ്നം തന്നെയാണ് ഞാന്‍ പറഞ്ഞത്. അല്ലാതെ പടം കൊള്ളില്ല എന്നല്ല. ഇന്നും നിങ്ങള്‍ക്ക് ആന്റണി പെരുമ്പാവൂരിനടുത്ത് നിന്നും ക്ലാരിറ്റി കിട്ടിയിട്ടുണ്ടോ, പ്രിവ്യു ഉണ്ടായിരുന്നോ എന്നുള്ളത്. ഇല്ല. അപ്പോള്‍ എന്നെ കുറ്റം പറയണ്ട്.
മോഹന്‍ലാലിന്റെ ഫാന്‍സ് എത്തി, മേജര്‍ രവി ആരാണ് എന്ന് ചോദിച്ചു. മേജര്‍ രവി ആരാണെന്ന് ചോദിച്ചാല്‍ മോഹന്‍ലാലിന്റെ ചങ്ക് തന്നെയാണ്. മോഹന്‍ലാലിന് വേണ്ടെങ്കിലും ഇല്ലെങ്കിലും ശരി. അതിന്റെ താഴെ കണ്ടിരുന്നു, ഞങ്ങള്‍ നന്നായി നടത്തുന്ന വിശ്വശാന്തി ഫൗണ്ടേഷനിലും ഇയാള്‍ മുന്നില്‍ നില്‍ക്കുന്നുവെന്ന്. ഈ ട്രോളും കാര്യങ്ങളും ഒന്നും ഞാന്‍ വായിക്കാറില്ല. എന്റെ ലൈവും കൊടുത്തിട്ട് ഞാന്‍ അങ്ങ് പോകും. അതിന്റെ താഴെ തെറി വിളിക്കുന്നത് മുഴുവന്‍ ഒരു പര്‍ട്ടിക്കുലര്‍ കാറ്റഗറി ആള്‍ക്കാരാണെന്ന് നമുക്കറിയാം. പക്ഷെ ഞാന്‍ അത് ശ്രദ്ധിക്കാറില്ല. ബുള്ളറ്റുകളെ ഫെയ്സ് ചെയ്തിട്ടുള്ളതാണ്, പിന്നെയാണോ നിങ്ങളുടെ ഈ സൈബര്‍ അറ്റാക്ക്.