വഖഫ് നിയമ ഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നാ അധ്യക്ഷനായ ജഡ്ജിമാരായ സഞ്ജയ് കുമാര്‍, കെ വിശ്വനാഥന്‍ എന്നിവര്‍ അംഗങ്ങളായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. 65 ഓളം ഹര്‍ജികളാണ് സുപ്രീംകോടതിക്ക് മുന്‍പിലുള്ളത്.
നിയമ ഭേദഗതി ഭരണഘടന വിരുദ്ധമാണെന്നും ഇത് റദ്ദാക്കണമെന്നുമാണ് പ്രധാന ആവശ്യം. നിയമത്തെ ചോദ്യം ചെയ്ത് മുസ്ലിം സംഘടനകള്‍, കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, സിപിഎം, സിപിഐ, ആം ആദ്മി, സമസ്ത തുടങ്ങി ഒട്ടേറെ കക്ഷികള്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
അതേസമയം, നിയമം റദ്ദാക്കരുതെന്നാവശ്യപ്പെട്ട് ബിജെപി ഭരിക്കുന്ന 6 സംസ്ഥാനങ്ങളും ഹിന്ദു സേനയടക്കമുള്ളവരും ഹര്‍ജികളില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഹര്‍ജികളില്‍ സുപ്രീംകോടതിയെടുക്കുന്ന തീരുമാനം കേന്ദ്രസര്‍ക്കാരിനും നിര്‍ണായകമാണ്.