ആഗോള പ്രവാസി മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ ദേശീയ സംഘടനയായ യുക്മ (യൂണിയന്‍ ഓഫ് യു കെ മലയാളി അസോസിയേഷന്‍) പുതിയ അംഗത്വത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിന് തീരുമാനിച്ചതായി യുക്മ ദേശീയ ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ അറിയിച്ചു. 2025 ഏപ്രില്‍ 15 മുതല്‍ മെയ് 15 വരെയുള്ള ഒരു മാസമാണ് പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള കാലപരിധിയായി നിശ്ചയിച്ചിരിക്കുന്നത്. ഏപ്രില്‍ 5 ശനിയാഴ്ച വാല്‍സാളില്‍ വെച്ച് ചേര്‍ന്ന യുക്മ ദേശീയ നിര്‍വാഹക സമിതി യോഗമാണ് പുതിയ അംഗത്വ അപേക്ഷകള്‍ സ്വീകരിക്കുന്നതിന് തീരുമാനിച്ചത്.
പ്രവര്‍ത്തന മികവിന്റെ വിജയകരമായ പതിനഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി പ്രയാണം തുടരുന്ന യുക്മ മാതൃകാപരമായ നിരവധി പ്രവര്‍ത്തനങ്ങളുമായി പ്രവാസി മലയാളി സംഘടനകള്‍ക്കിടയില്‍ തലയെടുപ്പോടെ മുന്നേറുകയാണ്. നൂറ്റി നാല്പതിലേറെ അംഗ അസ്സോസ്സിയേഷനുകളുടെ കൂട്ടായ്മയായ യുക്മ അംഗ അസ്സോസ്സിയേഷനുകളുടെ എണ്ണത്തില്‍ മാത്രമല്ല വൈവിദ്ധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെയും ലോക മലയാളി പ്രവാസി സംഘടനകള്‍ക്ക് മാതൃകയായി മാറിക്കഴിഞ്ഞു.
നാഷണല്‍, റീജിയണല്‍ തലങ്ങളില്‍ യുക്മ നടത്തുന്ന വിവിധങ്ങളായ കലാ, കായിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളോടൊപ്പം യുക്മയുടെ പോഷക സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും യു കെ മലയാളികള്‍ക്ക് ഏറെ പ്രയോജനകരമാണ്. യുക്മ ന്യൂസ്, യുക്മ ചാരിറ്റി ഫൌണ്ടേഷന്‍ (UCF), യുക്മ നഴ്‌സസ് ഫോറം (UNF), യുക്മ യൂത്ത് തുടങ്ങിയ പോഷക സംഘടനകളും യു കെ മലയാളി സമൂഹത്തില്‍ സജീവ സാന്നിദ്ധ്യമായി മാറിക്കഴിഞ്ഞു.
യുക്മയില്‍ അംഗമാകുന്നതിലൂടെ പ്രാദേശിക അസ്സോസ്സിയേഷനുകളിലെ അംഗങ്ങള്‍ക്ക് യുക്മയുടെ വിവിധ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുവാന്‍ ലഭിക്കുന്ന ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് യുക്മ ദേശീയ സമിതി അഭ്യര്‍ത്ഥിച്ചു. യുക്മ അംഗത്വവുമായി ബന്ധപ്പെട്ട് യുക്മ ഭരണഘടന നിര്‍ദ്ദേശിച്ചിരിക്കുന്ന യോഗ്യതകളുടെ മാനദണ്ഡത്തിലായിരിക്കും അംഗത്വ അപേക്ഷകള്‍ അംഗീകരിക്കുന്നത്. യുക്മ അംഗത്വം നേടുന്നതിന് താല്പര്യമുള്ള അസ്സോസ്സിയേഷനുകള്‍ ലെരൃലമേൃ്യ.ൗസാമ@ഴാമശഹ.രീാ എന്ന ഈമെയില്‍ വിലാസത്തില്‍ ബന്ധപ്പെട്ടാല്‍ അപേക്ഷ ഫോമുകള്‍ ലഭിക്കുന്നതും പൂരിപ്പിച്ച അപേക്ഷകള്‍ 2025 മെയ് 15 ന് മുന്‍പായി മേല്‍ പറഞ്ഞ ഈമെയിലില്‍ സമര്‍പ്പിക്കേണ്ടതുമാണ്.
യുക്മ ഭരണഘടന അനുശാസിക്കും വിധമുള്ള യോഗ്യരായ അസോസിയേഷനുകളെ യുക്മയെന്ന, യുകെ മലയാളികള്‍ നെഞ്ചിലേറ്റിയ മഹാപ്രസ്ഥാനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യന്‍ അറിയിച്ചു.
കുര്യന്‍ ജോര്‍ജ്ജ്
(നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍)