നടനും തമിഴക വെട്രി കഴകം പ്രസിഡന്റുമായ വിജയ്യെ ഇഫ്താറിന് ക്ഷണിച്ചതിനെതിരെ ഫത്വ പുറപ്പെടുവിച്ച് അഖിലേന്ത്യാ മുസ്ലിം ജമാഅത്ത്. വിജയ് മദ്യപാനിയാണെന്നും മുസ്ലിം വിരോധിയാണെന്നും അഖിലേന്ത്യാ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ഷഹാബുദീന്‍ റസ്വി പറഞ്ഞു. മുസ്ലിം സമുദായത്തെ സിനിമകളില്‍ തീവ്രവാദികളായി അവതരിപ്പിച്ചയാളാണെന്നും ഇഫ്താര്‍ വിരുന്നില്‍ വിജയ് ചൂതാട്ടക്കാരെയും മദ്യപാനികളെയും കൊണ്ടുവന്നുവെന്നും മുസ്ലിം ജമാഅത്ത് ആരോപിച്ചു.
ഇങ്ങനെയുള്ളവരെ മുസ്ലിം ആഘോഷങ്ങളുമായി ബന്ധിപ്പിക്കരുത്. വിജയ്യുടേത് മുസ്ലിം പ്രീണനം ആണെന്നും ഷഹാബുദീന്‍ റസ്വി പറഞ്ഞു. അതുകൊണ്ട് തന്നെ വിജയ്യെ മുസ്ലിം ചടങ്ങുകളില്‍ നിന്നും മറ്റും വിജയ്യെ വിലക്കണമെന്നും അദ്ദേഹം നടത്തുന്ന പരിപാടികളില്‍ മുസ്ലിങ്ങള്‍ പങ്കെടുക്കരുതെന്നും റസ്വി പറഞ്ഞു.
'മുസ്ലിം വിരോധം നിറഞ്ഞ ചരിത്രമുള്ള വിജയ് സിനിമാ ലോകത്ത് നിന്നും രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ മുസ്ലിം വികാരത്തെ ഉപയോഗിക്കുകയാണ്. ബീസ്റ്റ് സിനിമയില്‍ മുസ്ലിങ്ങളെയും മുസ്ലിം സമുദായങ്ങളെയും മുഴുവനായും തീവ്രവാദികളുമായി ബന്ധപ്പെടുത്തി. ഈ സിനിമയില്‍ വിജയ് മുസ്ലിങ്ങളെ പിശാചുക്കളായും രാക്ഷസന്മാരായും ചിത്രീകരിക്കുന്നു. ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതിനാല്‍ മുസ്ലിം പ്രീണനം നടത്തുന്നു', റസ്വി പറഞ്ഞു.