ഓരോ മനുഷ്യനെയും ദുഷ്ടതയില്‍നിന്നു പിന്തിരിപ്പിച്ച് അനുഗ്രഹിക്കുകയാണ് ഉത്ഥിതന്റെ ദൗത്യം
പരിശുദ്ധ സഭയുടെ ഉന്നത തിരുനാളായ ക്യംതാ (ഉയിര്‍പ്പ്) യുടെ പ്രകാശവും സമാധാനവും സന്തോഷവും നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ ആശംസിക്കുന്നു. മരണത്തെ തന്റെ മരണത്തിലൂടെ പരാജയപ്പെടുത്തി നമ്മുടെ കര്‍ത്താവും ദൈവവുമായ ഈശോമിശിഹാ തിരുസ്സഭയുടെ ശിരസ്സാകുന്നു. ഈ ശിരസ്സിനോട് ഐക്യപ്പെടാനാണു പ്രഘോഷിക്കപ്പെട്ട സുവിശേഷം നമ്മള്‍ വിശ്വസിച്ചതും മാമ്മോദീസാ നമ്മള്‍ സ്വീകരിച്ചതും. മിശിഹാ ഉയിര്‍ക്കപ്പെട്ടില്ലെങ്കില്‍ ശ്ലീഹന്മാരുടെ / തിരുസ്സഭയുടെ പ്രസംഗം വ്യര്‍ത്ഥമാണ്. നമ്മുടെ വിശ്വാസവും വ്യര്‍ത്ഥം (1 കോറി. 15:14). തിരുസ്സഭയുടെ സുവിശേഷപ്രഘോഷണവിഷയവും നമ്മള്‍ വിശ്വസിച്ചതും ക്രൂശിതനും ഉത്ഥിതനുമായ ഈശോയെ / മാര്‍ സ്ലീവായെയാണ്. മരിച്ചവരില്‍നിന്ന് ഉത്ഥാനം ചെയ്ത മിശിഹാ ഇനി ഒരിക്കലും മരിക്കുകയില്ലെന്ന് (റോമാ 6:9) നമുക്കറിയാവുന്നതുകൊണ്ടാണു നമ്മള്‍ മാമ്മോദീസാ സ്വീകരിച്ചു മിശിഹായുടെ ശരീരത്തിന്റെ ഭാഗമാകുന്നത്. രക്ഷാകരചരിത്രത്തിന്റെ മുഴുവന്‍ ലക്ഷ്യം നിത്യജീവനായ ദൈവികജീവനില്‍ (അഗാപ്പെ) മനുഷ്യവര്‍ഗ്ഗത്തെ പങ്കുചേര്‍ക്കുക എന്നുള്ളതാണ്. തിരുസ്സഭാംഗങ്ങള്‍ പാപത്തില്‍നിന്നു മോചിതരായി ദൈവത്തിന് അടിമകളായി ജീവിക്കുമ്പോള്‍ നമുക്കു ലഭിക്കുന്നതു വിശുദ്ധീകരണവും അതിന്റെ അവസാനം നിത്യജീവനുമാണ് (റോമ. 6:22). പാപത്തെയും മരണത്തെയും സാത്താനെയും ലോകത്തെയും പരാജയപ്പെടുത്തി ഉയിര്‍ത്തെഴുന്നേറ്റ ഈശോമിശിഹായുടെ ദൗത്യം ഓരോ മനുഷ്യനെയും ദുഷ്ടതയില്‍നിന്നു പിന്തിരിപ്പിച്ച് അനുഗ്രഹിക്കുക എന്നുള്ളതാണ് (നടപടി 3:28).
തിരുസ്സഭാംഗങ്ങളായ നമുക്കെല്ലാവര്‍ക്കും ഉത്ഥിതനായ ഈശോയുടെ പരിശുദ്ധിയും മഹത്ത്വവും സന്തോഷവും സമാധാനവും അവന്റെ അനുഗ്രഹത്തിലൂടെ ലഭിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
മിശിഹായില്‍ സ്‌നേഹപൂര്‍വ്വം,
യൗസേപ്പ് സ്രാമ്പിക്കല്‍
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാ മെത്രാന്‍