നാല് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് ഇന്ന് രാവിലെ ന്യൂഡല്‍ഹിയിലെത്തി. ഇന്ത്യന്‍-അമേരിക്കന്‍ സെക്കന്‍ഡ് ലേഡിയായ ഭാര്യ ഉഷ വാന്‍സിനൊപ്പമാണ് യുഎസ് വൈസ് പ്രസിഡന്റ് ഇന്ത്യയിലെത്തിയത്. വിമാനത്താവളത്തില്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് യുഎസ് വൈസ് പ്രസിഡന്റിനെ സ്വീകരിച്ചു. അവിടെ വാന്‌സിന് മൂന്ന് സൈനികരുടെ ഗാര്‍ഡ് ഓഫ് ഓണറും നല്‍കി.
യുഎസ് ഉപരാഷ്ട്രപതിയുടെ വിമാനം ന്യൂഡല്‍ഹിയിലെ പാലം ടെക്‌നിക്കല്‍ ഏരിയയിലാണ് ലാന്‍ഡ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ഇന്ന് വൈകുന്നേരം കൂടിക്കാഴ്ച നടത്തും. നിര്‍ദ്ദിഷ്ട ഉഭയകക്ഷി വ്യാപാര കരാറിന്റെ അന്തിമരൂപീകരണവും ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ചര്‍ച്ചകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും ചര്‍ച്ചകളില്‍ പങ്കുചേരുമെന്ന് പ്രതീക്ഷിക്കുന്നു.
അമേരിക്കന്‍ വൈസ് പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള വാന്‍സിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. പെന്റഗണില്‍ നിന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുമുള്ള പ്രതിനിധികള്‍ ഉള്‍പ്പെടെ അഞ്ച് അംഗ പ്രതിനിധി സംഘവും അദ്ദേഹത്തോടൊപ്പമുണ്ട്. ''പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശന വേളയില്‍ ഫെബ്രുവരി 13 ന് പുറത്തിറക്കിയ ഇന്ത്യ-യുഎസ് സംയുക്ത പ്രസ്താവനയുടെ ഫലങ്ങള്‍ നടപ്പിലാക്കുന്നതിനും ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതി അവലോകനം ചെയ്യുന്നതിനും ഈ സന്ദര്‍ശനം ഇരുപക്ഷത്തിനും അവസരം നല്‍കും. പരസ്പര താല്‍പ്പര്യമുള്ള പ്രാദേശിക, ആഗോള സംഭവവികാസങ്ങളെക്കുറിച്ചും ഇരുപക്ഷവും കാഴ്ചപ്പാടുകള്‍ കൈമാറും,'' വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.