ജമ്മു കശ്മീരിലെ ജയിലുകള്‍ക്ക് നേരെ ഭീകരാക്രമണ ഭീഷണി. നിരവധി ഭീകരര്‍ തടവില്‍ കഴിയുന്ന ശ്രീനഗര്‍ സെന്‍ട്രല്‍ ജയില്‍, കോട്ട് ബല്‍വാല്‍ ജയില്‍ എന്നിവിയ്ക്കാണ് ഭീഷണി.
നിരവധി പ്രധാനപ്പെട്ട ഭീകരരെ തടവിലാക്കിയിരിക്കുന്ന ജയിലുകളാണ് ഇവ. ഭീകരര്‍ക്ക് സാങ്കേതിക, പ്രാദേശിക സഹായം ചെയ്തുനല്‍കുന്ന നിരവധി 'സ്ലീപ്പര്‍ സെല്ലു'കളെയും ഈ ജയിലുകളില്‍ തടവിലാക്കിയിട്ടുണ്ട്. പഹല്‍ഗാം ആക്രമണവുമായി ബന്ധപ്പെട്ട്, ജയിലില്‍ ഉണ്ടായിരുന്ന നിസാര്‍, മുഷ്താഖ് എന്നീ ഭീകരരെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് ഭീഷണി എത്തിയത് എന്നാണ് വിവരം. ജയിലുകളില്‍ അധികൃതര്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലുള്ളവര്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞ ദിവസം പറഞ്ഞു. അതിര്‍ത്തി കാക്കുന്ന സൈനികര്‍ക്ക് പൂര്‍ണ പിന്തുണയെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
സൈനിക നീക്കങ്ങള്‍ക്ക് ഒരുങ്ങുന്നുവെന്ന സൂചനകള്‍ക്കിടെ അതിര്‍ത്തി അതീവ ജാഗ്രതയിലാണ്. സൈന്യം ബങ്കറുകള്‍ സജജമാക്കിയിട്ടുണ്ട്. വ്യോമസേന സൈനികശേഷി വര്‍ധിപ്പിച്ചിട്ടുണ്ട്. റഷ്യന്‍ നിര്‍മിത മിസൈലുകളും എത്തിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി എയര്‍ ചീഫ് മാര്‍ഷല്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. കര-നാവിക സേനകളും സജ്ജമായിക്കഴിഞ്ഞു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.