ഭീകരര്‍ക്ക് സഹായം നല്‍കിയതിന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്ന യുവാവ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മുങ്ങിമരിച്ചു. ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഭീകരര്‍ക്ക് ഭക്ഷണവും അഭയവും നല്‍കിയതിന് പിടിയിലായ ഇംത്യാസ് അഹമ്മദ് മഗ്രേ (23) ആണ് നദിയില്‍ മുങ്ങിമരിച്ചത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ലഷ്‌കര്‍ ഇ തൊയ്ബയുടെ സ്ലീപ്പര്‍ സെല്ലാണ് ഇയാള്‍ എന്ന് പൊലീസിന് സംശയമുണ്ടായിരുന്നു.
ഏപ്രില്‍ 23ന് സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെയാണ് ഇംത്തിയാസിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. ഭീകരര്‍ ഒളിച്ചിരിക്കുന്ന സ്ഥലങ്ങള്‍ ഇയാള്‍ക്കു അറിയാമെന്ന് മനസിലായതോടെ പൊലീസ് ഇംത്തിയാസിനിയുമായി തിരച്ചിലിനിറങ്ങി. ഇതിനിടെയാണ് യുവാവ് പൊലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ നദിയില്‍ ചാടിയതും മുങ്ങി മരിച്ചതും.
ഇയാള്‍ താന്‍ ഭീകരനാണെന്ന് പൊലീസിനോട് സമ്മതിച്ചിരുന്നതായാണ് വിവരം. തുടര്‍ന്നാണ് ഭീകരരുടെ ഒളിത്താവളങ്ങള്‍ കണ്ടെത്താനായി ഇംത്തിയാസിനെയും കൂട്ടി പൊലീസ് തിരച്ചിലിനിറങ്ങിയത്. അതേസമയം സംഭവത്തില്‍ ഇംത്തിയാസിന്റെ കുടുംബം പൊലീസിനെതിരെ രംഗത്തുവന്നിട്ടുണ്ട്.
മകന്റേത് കസ്റ്റഡി മരണമാണെന്നും പൊലീസ് മകനെ കൊലപ്പെടുത്തിയതാണെന്നും കുടുംബം പ്രതികരിച്ചു. നേരത്തെ കുല്‍ഗാമില്‍ നിന്നുള്ള മൂന്ന് ചെറുപ്പക്കാരുടെ മൃതദേഹം ഇത്തരത്തില്‍ നദിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. ആ വിഷയം ഇപ്പോഴും അന്വേഷണത്തിലാണ്. ഇംത്തിയാസിന്റെ മരണം പൊലീസ് നടത്തിയ നാടകമാണോ എന്ന് ചോദ്യവുമായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും രംഗത്തുവന്നിട്ടുണ്ട്.