=ആലപ്പുഴ ചേര്‍ത്തലയിലെ ജെയ്നമ്മ തിരോധാന കേസില്‍ നിര്‍ണായക കണ്ടെത്തല്‍. പ്രതി സെബാസ്റ്റ്യന്റെ വീട്ടില്‍നിന്ന് കണ്ടെത്തിയ രക്തക്കറ അതിരമ്പുഴ സ്വദേശിനി ജെയ്നമ്മയുടേതാണെന്ന് ഫൊറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചു.
സെബാസ്റ്റ്യന്‍ പണയം വച്ചതും വിറ്റതുമായ സ്വര്‍ണാഭരണങ്ങളും ജെയ്നമ്മയുടേത് തന്നെയാണെന്ന് ഉറപ്പിച്ചിട്ടുണ്ട്. ജെയ്നമ്മയുടെ ഫോണ്‍ സിഗ്‌നലുകള്‍ ഏറ്റവും ഒടുവില്‍ ലഭിച്ചത് സെബാസ്റ്റ്യന്റെ വീടിന് സമീപത്തുനിന്നായിരുന്നു. ഇതും സെബാസ്റ്റ്യനിലേക്ക് വിരല്‍ ചൂണ്ടുന്ന നിര്‍ണായക തെളിവായി. ഈ ഫോണ്‍ സെബാസ്റ്റ്യന്‍ ഉപയോഗിച്ചതിന്റെയും സിം റീചാര്‍ജ് ചെയ്തതിന്റേയും സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു. എന്നാല്‍ ഫോണ്‍ കണ്ടെത്താനായിട്ടില്ല.
അതേസമയം പ്രതി ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല. എന്നാല്‍ കേസുമായി ബന്ധപ്പെട്ട നിരവധി തെളിവുകള്‍ ലഭിച്ചതായി അന്വേഷണ സംഘം പറഞ്ഞിരുന്നു. ശാസ്ത്രീയ തെളിവുകളടക്കം ശേഖരിച്ച് കേസ് അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് പൊലീസ് അറിയിച്ചിരുന്നു.
2024 ഡിസംബര്‍ 20നാണ് ജെയ്നമ്മയെ കാണാതായത്. ഇവര്‍ തന്റെ സുഹൃത്തായിരുന്നുവെന്നും പ്രാര്‍ത്ഥനായോഗങ്ങളില്‍വെച്ചാണ് പരിചയപ്പെട്ടതെന്നും സെബാസ്റ്റ്യന്‍ മൊഴിനല്‍കിയിരുന്നു.