79ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ നിറവില്‍ രാജ്യം. സംസ്ഥാനത്തും വിപുലമായ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ പരിപാടികള്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയപതാക ഉയര്‍ത്തി. മതവിദ്വേഷമില്ലാത്ത ഇന്ത്യ യാഥാര്‍ഥ്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാതന്ത്ര്യദിനസന്ദേശത്തില്‍ പറഞ്ഞു.
രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. വര്‍ഗീയ ശക്തികള്‍ ജാതിയും മതവും പറയുന്നുവെന്നും ഇതിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ നമുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന മൂല്യങ്ങള്‍ നടപ്പാക്കാനുള്ളതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയര്‍ത്തി. രാജ്യത്തെ അഭിസംബോധന ചെയ്ത അദ്ദേഹം, ആണവ ഭീഷണി ഇന്ത്യ ഒരിക്കലും അനുവദിക്കില്ലെന്ന് വ്യക്തമാക്കി. ഭീകരരും അവരെ സംരക്ഷിക്കുന്നവരും മാനവികതയുടെ ശത്രുക്കളാണ് എന്നും അദ്ദേഹം പറഞ്ഞു.സിന്ധു നദീജല കരാറില്‍ വിട്ടുവീഴ്ചയില്ലെന്നും, ഇന്ത്യയിലെ ജലം ഇവിടുത്തെ കര്‍ഷകര്‍ക്കുള്ളതാണ് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.ഓപ്പറേഷന്‍ സിന്ധൂരില്‍ വീര സൈനികര്‍ക്ക് മോദി ആദരം അര്‍പ്പിച്ചു. നമ്മുടെ സൈനികര്‍ തീവ്രവാദികള്‍ക്ക് ശക്തമായ മറുപടി നല്‍കിയെന്നും, അവരെ പിന്തുണക്കുന്നവര്‍ക്കും തക്ക ശിക്ഷ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിന് സര്‍ക്കാര്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയതായി പ്രധാനമന്ത്രി വ്യക്തമാക്കി.