യു.കെയിലെ വിപുലമായ ഓണാഘോഷങ്ങള്‍ക്ക് പൊന്‍തിളക്കത്തോടെ തുടക്കം കുറിച്ച് നോര്‍ത്ത് വെസ്റ്റ് ദേശി ലണ്ടനേഴ്സ്. ലണ്ടനില്‍ ജീവിക്കുന്നവരും യുകെ തലസ്ഥാനത്തുനിന്നു രാജ്യത്തിന്റെ നാനാഭാഗങ്ങളിലേക്ക് ചേക്കേറിയവരും ഒരുമിക്കുന്ന ഈ സൗഹൃദ കൂട്ടായ്മ ഒരുക്കിയ ഓണാഘോഷം എല്ലാകൊല്ലത്തേയും പോലെ ഇത്തവണയും മികവുറ്റതായി.
വെംബ്ലി സഡ്ബറി ഹോളില്‍ നടന്ന ആവേശകരമായ ആഘോഷത്തിനു ഒരുക്കമായി 100-ല്‍ പരം ദിവസങ്ങളായി 100-ഓളം കലാകാരന്മാരും സംഘാടകരും ഒന്നിച്ചു പ്രയത്‌നിച്ചു. തീരുമാനിച്ചതുപോലെ കൃത്യസമയത്ത് തുടക്കവും കലാശവും അരങ്ങേറിയത് ആഘോഷങ്ങള്‍ കെങ്കേമമാക്കി.
ഷെഫ് ഫെബിന്റെയും തോമസ് ജോയുടെയും നേതൃത്വത്തില്‍ ഈ കൂട്ടായ്മ തന്നെ ഒരുക്കിയ 26 കൂട്ട് ഓണസദ്യ പരിപാടിയുടെ തുടക്കം ഉത്തേജകമാക്കി മാറ്റി. രണ്ടു പായസവും ബോളിയും ഉള്‍പ്പെട്ട സദ്യക്കായി നടത്തിയ കലവറയിലെ ഒരുക്കങ്ങള്‍ സിനിമ ഗാനരങ്ങളെ വെല്ലുന്ന രീതിയില്‍ ഒരു വീഡിയോ കൂടിയായി വേദിയില്‍ കാണികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ മലയാളികൂട്ടായ്മയുടെ ബലം ഏവര്‍ക്കും വ്യക്തമായി.
ഉച്ചക്ക് 12 മണിമുതല്‍ 3 മണി വരെ സദ്യ വിളമ്പിയതിനു ശേഷം കാണികള്‍ക്കായി ഒരുക്കിവച്ച കലാവിരുന്ന് വ്യത്യസ്തകള്‍ കൊണ്ടും മികവ് കൊണ്ടും പ്രൊഫഷണല്‍ സ്റ്റേജ് പ്രോഗ്രാമുകളുമായി കിടപിടിക്കുന്നതായി.
ഔദ്യോഗിക ഭാരവാഹികളില്ലാതെ ഈ സൗഹൃദ കൂട്ടായ്മയില്‍ നിന്ന് സ്വയമേ മുന്നോട്ട് വന്ന എക്സിക്യൂട്ടിവ് കമ്മറ്റിയാണ് പരിപാടികള്‍ ഒരുക്കിയത്. മാള സ്വദേശി ചാള്‍സ് നയിച്ച ആഘോഷങ്ങളില്‍ റാല്‍ഫ് അറയ്ക്കല്‍, അനൂപ ജോസഫ്, അശ്വതി അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ ഒരുങ്ങിയപ്പോള്‍ അരുണ്‍ കൊച്ചുപുരയ്ക്കല്‍, ഷിനോ ജോര്‍ജ്ജ്, മേല്‍ജോ, തോമസ് ജോയ് എന്നിവരുടെ മേല്‍നോട്ടത്തില്‍ 25-അംഗ കമ്മിറ്റി സംഘടനത്തിനായി ചുക്കാന്‍ പിടിച്ചു.
45 നര്‍ത്തകര്‍ തകര്‍ത്താടിയ ഫ്ളാഷ് മോബ് യുവാക്കളുടെ ചടുലമായ നൃത്താവിഷ്‌കാരമായി ഏവരേയും ആവേശത്തിലാക്കി. ന്യൂജന്‍ മാവേലിയായിരുന്നു മറ്റൊരു ' ഹൈലൈറ്റ്'. മാവേലിയായി എബി ജോസും തനത് കഥകളി രൂപത്തില്‍ സനികയും എത്തി ഏവരുടേയും ഹൃദയം കീഴടക്കി. താലപ്പൊലി ഏന്തിയ വനിതകളും പുലിക്കളിയും ഒക്കെയായി ഗ്രൗണ്ടില്‍ തന്നെ കൊട്ടുംപാട്ടും കഴിഞ്ഞാണ് 'ഓണഗ്രാമം' ചുറ്റി പ്രദക്ഷിണമായി കാണികള്‍ വേദിയിലേക്ക് എത്തിയത്. ലിവര്‍പൂളില്‍ നിന്നുള്ള 'വാദ്യ' ചെണ്ടമേള സംഘം താളമേളങ്ങള്‍ക്ക് അകമ്പടിയേകി.
എല്ലാ മലയാളികള്‍ക്കും അഭിമാനമായ റോയല്‍ കോളജ് ഓഫ് നഴ്സിങ്ങിന്റെ പ്രസിഡന്റ് ബിജോയ് സെബാസ്റ്റിയന്‍ പരിപാടിയുടെ മുഖ്യാതിഥിയായിരുന്നു. എം എ യുകെ പ്രതിനിധി ശ്രീജിത്ത് ശ്രീധരന്‍, ആനന്ദ് ടിവി ഡയറക്ടര്‍ എസ്. ശ്രീകുമാര്‍, ഷാന്‍ പ്രോപ്പര്‍ട്ടീസ് മാനേജര്‍ ഷാന്‍, പ്രോഗ്രാമിന്റെ പ്രധാന സ്പോണ്‍സറായിരുന്ന ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജിന്റെ ഡയറക്ടര്‍ ജെഗി ജോസഫ് എന്നിവര്‍ ചേര്‍ന്ന് പരിപാടി ഉത്ഘാടനം ചെയ്തു.
നോര്‍ത്ത് വെസ്റ്റ് ദേശി ലണ്ടനേഴ്സിന്റെ പത്തുവര്‍ഷത്തെ കഥ പറഞ്ഞുള്ള അവതരണം 'സുന്ദരി കവല' എന്ന വീഡിയോ സീരീസ് ആയി ഏവരുടേയും ഹൃദയം കീഴടക്കി. റോമി ജോര്‍ജ്ജും പ്രശസ്ത ഇന്‍ഫ്‌ലുന്‍സറായ അനൂപ് മൃദുവും ചേര്‍ന്നൊരുക്കിയ ഈ ദൃശ്യാനുഭവം മുന്‍ വര്‍ഷങ്ങളിലെ ആഘോഷങ്ങളിലേക്കുള്ള ഒരു എത്തിനോട്ടം കൂടിയായി.
കഥകളി ഉള്‍പ്പടെ കേരളത്തിന്റെ തനത് കലാരൂപങ്ങളും പുതുമയുടെ ചടുലതയുള്ള പുത്തന്‍ കലാവിഷ്‌കാരങ്ങളുമായി പാട്ടും നൃത്തവും എല്ലാം
കൈകോര്‍ത്തപ്പോള്‍ കുട്ടികളും യുവാക്കളും മുതിര്‍ന്നവരും ഒരുമിച്ചു ആഘോഷങ്ങളുടെ നിറവായി വേദിയെ മാറ്റി.
ഇന്ത്യ കണ്ട ആദ്യ 'ഡാന്‍സിങ് ഡിജെ' ഡീന്‍ ജോണ്‍സ് യുവാക്കള്‍ക്ക് പ്രിയങ്കരമായ രീതിയില്‍ മനോഹരമായി പരിപാടിയുടെ കലാശമൊരുക്കി.
ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സറായിരുന്നു.
മേഘ ബൈജു, എം സി റാല്‍ഫ്, എമില്‍ എലിയാസ്, ആതിര ശശിധരന്‍ എന്നിവരായിരുന്നു അവതാരകര്‍. വൈബ്രന്‍സ് ലണ്ടനായിരുന്നു എല്‍ഇഡി വാള്‍ ഉള്‍പ്പെടെ ലൈറ്റ് ആന്‍ഡ് സൗണ്ട് കൈകാര്യം ചെയ്തത്. ഒത്തൊരുമയുടെ ആഘോഷമാണ് ഓണം. അതിനെ അന്വര്‍ത്ഥമാക്കുന്നതായിരുന്നു ഇക്കുറിയും നോര്‍ത്ത് വെസ്റ്റ് ദേശി ലണ്ടനേഴ്സിന്റെ ഓണാഘോഷം.